പടയപ്പയ്ക്ക് മുന്നറിയിപ്പ്: അരിക്കൊമ്പന്റെ ഗതി വരും
Mail This Article
കൊച്ചി ∙ മൂന്നാറിൽ ജനവാസമേഖലയിൽ ഭീതിപരത്തി അതിക്രമം നടത്തുന്ന കാട്ടുകൊമ്പൻ പടയപ്പയ്ക്ക് മുന്നറിയിപ്പുമായി മന്ത്രി എ.കെ.ശശീന്ദ്രൻ. മറ്റു മാർഗങ്ങളില്ലെങ്കിൽ പടയപ്പയെയും അരിക്കൊമ്പനെ ചെയ്തതു പോലെ മയക്കുവെടിവച്ചു പിടികൂടി ഉൾവനത്തിലേക്ക് അയയ്ക്കേണ്ടിവരുമെന്നു മന്ത്രി പറഞ്ഞു.
‘സ്വാഭാവികമായ കാലാവസ്ഥ തിരിച്ചുകൊണ്ടുവരാനായി തദ്ദേശസ്ഥാപനങ്ങളുടെ കൂടി പങ്കാളിത്തത്തോടെ കാട്ടിലെ കുളങ്ങളും ചതുപ്പുകളും തടയണകളും സംരക്ഷിക്കാനുള്ള പദ്ധതികൾ നടപ്പാക്കും. വന്യജീവികളെ പ്രതിരോധിക്കാനുള്ള ഫെൻസിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ശക്തമാക്കും. താൽക്കാലികമായി കൂടുതൽ വാച്ചർമാരെ നിയോഗിക്കും.
കാട്ടിലെ മഞ്ഞക്കൊന്ന, അക്കേഷ്യ, മാഞ്ചിയം തുടങ്ങിയ മരങ്ങൾ നീക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ, പൂർണമായി നീക്കം ചെയ്യാൻ 21 വർഷമെടുക്കും. വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിന് (കെപിപിഎൽ) അസംസ്കൃത വസ്തുവായി ഈ മരങ്ങൾ ലഭ്യമാക്കുന്ന തരത്തിലാണു നടപടികൾ സ്വീകരിക്കുക’ – മന്ത്രി പറഞ്ഞു.
അക്രമം തുടർന്ന് പടയപ്പ
മൂന്നാർ ∙ മാട്ടുപ്പെട്ടിയിൽ നിന്നു തെന്മല എസ്റ്റേറ്റിലെത്തിയ പടയപ്പ ഇന്നലെ പുലർച്ചെ വ്യാപകമായി കൃഷി നശിപ്പിച്ചു. തെന്മല ഫാക്ടറി ഡിവിഷനിൽ വാഴ, ബീൻസ്, കാബേജ് കൃഷികളാണു നശിപ്പിച്ചത്.
തോട്ടം തൊഴിലാളിയായ കാളിദാസിന്റെ കൃഷിയാണ് ഏറ്റവുമധികം നശിപ്പിച്ചത്. മാട്ടുപ്പെട്ടി ബോട്ടിങ് സെന്ററിനു സമീപം ഞായറാഴ്ച രാവിലെയിറങ്ങിയ പടയപ്പ 2 കടകൾ തകർത്ത്, വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന ഭക്ഷണസാധനങ്ങൾ തിന്നു. ദൗത്യസംഘമെത്തിയാണു കാട്ടാനയെ ഓടിച്ചത്.