സോളർ വൈദ്യുതി: ഗ്രോസ് മീറ്ററിങ് നിർദേശം വീണ്ടും പരിഗണനയിൽ
Mail This Article
കണ്ണൂർ ∙ വൈദ്യുതി ബിൽ കുറയ്ക്കാൻ ലക്ഷ്യമിട്ടു സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചവരെ ആശങ്കയിലാക്കി ബിൽ കണക്കാക്കുന്നതിൽ ഭേദഗതി വരുത്താനുള്ള നിർദേശം റെഗുലേറ്ററി കമ്മിഷന്റെ പരിഗണനയിൽ. നിലവിലെ നെറ്റ് മീറ്ററിങ് സംവിധാനത്തിനു പകരം ഗ്രോസ് മീറ്ററിങ് ഏർപ്പെടുത്തണമെന്ന സംസ്ഥാന വൈദ്യുതി ബോർഡിന്റെ ആവശ്യമാണു കമ്മിഷൻ പരിഗണിക്കുന്നത്. ഭേദഗതി ഏപ്രിൽ 1 മുതൽ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതു സംബന്ധിച്ച പൊതുതെളിവെടുപ്പ് നാളെ 11 മുതൽ തിരുവനന്തപുരത്ത് റെഗുലേറ്ററി കമ്മിഷന്റെ കോർട്ട് ഹാളിൽ നടക്കും.
ഗ്രോസ് മീറ്ററിങ് നടപ്പാക്കുന്നതോടെ ഓൺഗ്രിഡ് സോളർ പ്ലാന്റുകൾ സ്ഥാപിച്ചവർക്കു വൈദ്യുതി ബില്ലിൽ ലഭിക്കുന്ന ഇളവുകൾ ഇല്ലാതാകും. ഉപയോഗിക്കുന്ന വൈദ്യുതിയും സോളർ പ്ലാന്റിൽനിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയും തമ്മിലുള്ള വ്യത്യാസം കണക്കാക്കി അധികം ഉപയോഗിക്കുന്ന യൂണിറ്റിനു മാത്രം ബിൽ നൽകുന്നതാണു നിലവിലെ രീതി. ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്കും (എക്സ്പോർട്) ഉപയോഗിക്കുന്ന വൈദ്യുതിക്കും (ഇംപോർട്ട്) ഒരേ നിരക്കാണു കണക്കാക്കുന്നത്. ഉപയോഗം കുറവാണെങ്കിൽ കെഎസ്ഇബിക്ക് അധികമായി നൽകിയ വൈദ്യുതിക്ക് യൂണിറ്റിന് ഓരോ വർഷവും നിശ്ചിത നിരക്ക് പ്രകാരം തുക ഉപയോക്താവിനു ലഭിക്കും.
ഗ്രോസ് മീറ്ററിങ് വരുന്നതോടെ മറ്റ് ഉപയോക്താക്കൾ നൽകുന്ന അതേ നിരക്കിൽ സൗരോർജ ഉൽപാദകരും ബിൽ അടയ്ക്കേണ്ടിവരും. ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് റെഗുലേറ്ററി കമ്മിഷൻ അതതു വർഷം നിശ്ചയിക്കുന്ന നിരക്കായിരിക്കും ലഭിക്കുക. ഉപയോഗത്തിൽനിന്ന് ഉൽപാദിപ്പിച്ച യൂണിറ്റുകൾ കുറയ്ക്കാത്തതിനാൽ സ്ലാബും സ്വാഭാവികമായും ഉയരും. പീക്ക് സമയത്തെ ഉപയോഗത്തിന് ഉയർന്ന നിരക്ക് ഈടാക്കാനുള്ള ശുപാർശ നടപ്പായാൽ അതും ബിൽ തുക ഉയർത്തും. ഇതോടെ സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചവർക്ക് പത്തോ ഇരുപതോ വർഷം കഴിഞ്ഞാൽപോലും മുടക്കുമുതൽ തിരിച്ചുകിട്ടാത്ത സ്ഥിതിവരുമെന്ന് ഉപയോക്താക്കൾ ചുണ്ടിക്കാട്ടുന്നു.