ക്ഷേത്രത്തിൽ 24.73 ലക്ഷത്തിന്റെ തട്ടിപ്പ്: ദേവസ്വം ബോർഡ് ജീവനക്കാരൻ അറസ്റ്റിൽ
Mail This Article
വൈക്കം ∙ തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള തലയോലപ്പറമ്പ് തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ 24.73 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതിനു സസ്പെൻഷനിലായ ജീവനക്കാരനെ തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു.
വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ സബ് ഗ്രൂപ്പ് ഓഫിസറായിരുന്ന കരിപ്പാടം കാഞ്ഞിരം പറമ്പിൽ വിഷ്ണു കെ.ബാബു (31) ആണ് അറസ്റ്റിലായത്. കോടതി റിമാൻഡ് ചെയ്തു.
വിഷ്ണുവിനു ചുമതല നൽകിയിരുന്ന വടയാർ ഇളങ്കാവ് ക്ഷേത്രം, ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിലും തട്ടിപ്പു നടത്തിയതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു.
തട്ടിപ്പുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് അധികൃതർ തലയോലപ്പറമ്പ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
2019 ഓഗസ്റ്റ് 14 മുതൽ 2022 ജൂൺ 28 വരെ തലയോലപ്പറമ്പ് തിരുപുരം ക്ഷേത്രത്തിൽ സബ് ഗ്രൂപ്പ് ഓഫിസർ ആയിരിക്കെ വിഷ്ണു ലക്ഷങ്ങളുടെ തിരിമറി നടത്തിയതെന്നാണു ദേവസ്വം ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്.
തുടർന്ന് വിഷ്ണുവിനെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു. വിവരം പുറത്തുവന്നതോടെ 15 ലക്ഷം രൂപ വിഷ്ണു തിരിച്ചടച്ചതായി ദേവസ്വം അധികൃതർ പറഞ്ഞു.
തലയോലപ്പറമ്പ് സ്റ്റേഷൻ എസ്ഐ സുദർശനന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. വൈക്കം മഹാദേവ ക്ഷേത്രത്തിൽ സാമ്പത്തിക ക്രമക്കേടു നടത്തിയതിനു മുൻപും വിഷ്ണു സസ്പെൻഷനിൽ ആയിട്ടുണ്ട്.