ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ; കലാഭവൻ സോബി അറസ്റ്റിൽ, 25ലേറെ കേസ്
Mail This Article
ബത്തേരി(വയനാട്)∙ സ്വിറ്റ്സർലൻഡ് അടക്കമുള്ള വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ സ്റ്റേജ് ആർട്ടിസ്റ്റും നടനും ഗാനമേള ട്രൂപ്പ് കോതമംഗലം കലാഗൃഹം ഡയറക്ടറുമായ എറണാകുളം നെല്ലിമറ്റം കാക്കനാട് വീട്ടിൽ കലാഭവൻ സോബി ജോർജ് (56) അറസ്റ്റിൽ. പുൽപള്ളി സ്വദേശി ഷിജനിൽ നിന്ന് 3,04,200 രൂപ തട്ടിയെടുത്ത കേസിൽ കൊല്ലം ചാത്തന്നൂരിൽ നിന്ന് ബത്തേരി പൊലീസാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ സോബിയെ റിമാൻഡ് ചെയ്തു.
Read Also: ‘സുരേഷ് ഗോപി അതു പറയരുതായിരുന്നു; എനിക്ക് കഥകളി മാത്രം, ബിജെപിക്കാരുമായി പരിചയം കുറവ്’...
2021 സെപ്റ്റംബർ മുതൽ 2022 മാർച്ച് വരെ പല തവണയായാണ് ഷിജനിൽ നിന്ന് ബാങ്ക് അക്കൗണ്ട് വഴി സോബി പണം കൈപ്പറ്റിയത്. ജോലി ലഭിക്കാതായതോടെ 2023 ജൂണിൽ ഷിജൻ പൊലീസിൽ പരാതി നൽകി. സമാന സംഭവങ്ങളിൽ അമ്പലവയൽ സ്റ്റേഷൻ പരിധിയിൽ ഒരാളിൽ നിന്ന് 4.5 ലക്ഷവും പുൽപള്ളി സ്റ്റേഷൻ പരിധിയിൽ 4 പേരിൽ നിന്ന് 19 ലക്ഷവും സോബി തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. കേരളത്തിലുടനീളം ഇയാൾക്കെതിരെ ഇരുപത്തഞ്ചിലധികം കേസുണ്ടെന്ന് എസ്ഐ സി.എം.സാബു അറിയിച്ചു. എസ്ഐ കെ.വി.ശശികുമാർ, പൊലീസുകാരായ അരുൺ ജിത്ത്, പി.കെ.സുമേഷ്. വി.ആർ.അനിത്കുമാർ, എം.മിഥിൻ എന്നിവർ അറസ്റ്റിനു നേതൃത്വം നൽകി.
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം അപകടമരണമല്ലെന്നു മൊഴി നൽകിയ ആളാണ് സോബി. ബാലഭാസ്കർ കേസിൽ കഴിഞ്ഞ 14നാണ് മൊഴി നൽകിയതെന്നും 15 മുതൽ തനിക്കെതിരെ പണി തുടങ്ങിയെന്നും കണ്ട കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നതിനാൽ പിന്തിരിയില്ലെന്നും ബത്തേരി പൊലീസ് സ്റ്റേഷൻ മുറ്റത്തു വച്ച് സോബി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.