ലോകായുക്ത: സർക്കാരിന്റെ വിശദീകരണം തേടി
Mail This Article
കൊച്ചി∙ ലോകായുക്ത നിയമത്തിൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഭേദഗതി ചോദ്യം ചെയ്യുന്ന പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഈ ഭേദഗതി അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങൾക്കു ശക്തി പകരാൻ കൊണ്ടുവന്ന ലോകായുക്ത നിയമത്തെ നിഷ്ക്രിയമാക്കുമെന്നാരോപിച്ച് കൊച്ചി മരട് സ്വദേശി എൻ. പ്രകാശ് നൽകിയ ഹർജിയാണു ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി, ജസ്റ്റിസ് വി. ജി. അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. കേസ് ജൂൺ 10നു വീണ്ടും പരിഗണിക്കും. നിയമസഭ പാസാക്കിയ ലോകായുക്ത നിയമ ഭേദഗതി ബില്ലിനു കഴിഞ്ഞമാസം രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു.
അധികാരത്തിലുള്ളവർ അഴിമതി നടത്തിയെന്ന് തെളിഞ്ഞാൽ അവർ പദവി ഒഴിയണമെന്ന് ഉത്തരവിടാൻ നിയമത്തിലെ 14–ാം വകുപ്പു പ്രകാരം ലോകായുക്തയ്ക്കു മുൻപു സാധ്യമായിരുന്നു. എന്നാൽ മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധിക്കാൻ കഴിയുമെന്ന തരത്തിലാണു പുതിയ ഭേദഗതി. ലോകായുക്ത എന്ന നിയമസംവിധാനത്തിന്റെ അപ്പീൽ അധികാരിയായി ഭരണകർത്താക്കൾ മാറുന്ന സ്ഥിതിവിശേഷം ഉണ്ടാകുന്നതു നീതി നിർവഹണത്തിലുള്ള ഇടപെടലാകുമെന്നാണു ഹർജിക്കാരന്റെ ആക്ഷേപം. നിയമഭേദഗതി റദ്ദാക്കണമെന്നാണ് ആവശ്യം. ഹർജിയിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതു വരെ നിയമഭേദഗതി സ്റ്റേ ചെയ്യണമെന്നാണ് ഇടക്കാലാവശ്യം.