പാലക്കാട് ശ്രീനിവാസൻ വധക്കേസ്: മുഖ്യപ്രതി ഷഫീഖ് അറസ്റ്റിൽ
Mail This Article
കൊച്ചി ∙ പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ മുഖ്യപ്രതിയായ മലപ്പുറം സ്വദേശി ഷഫീഖിനെ (28) ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. കേരള പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ (എടിഎസ്) സഹകരണത്തോടെയാണു പ്രതിയുടെ ഒളിത്താവളം കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. ആർഎസ്എസ് നേതാവായിരുന്നു കൊല്ലപ്പെട്ട ശ്രീനിവാസൻ.
കൊലപാതകം നടന്ന 2022 ഏപ്രിൽ 16 മുതൽ ഒളിവിലായിരുന്ന ഷഫീഖിന്റെ ഒളിത്താവളത്തെ പറ്റി എടിഎസിനു ലഭിച്ച രഹസ്യ സന്ദേശം പിന്തുടർന്നാണു കൊല്ലം ജില്ലയിലെ തഴവ ചിറ്റുമല നഴ്സറി മുക്കിനു സമീപത്തെ വീട്ടിൽ നിന്നു തിങ്കളാഴ്ച രാത്രി എൻഐഎ ഇയാളെ അറസ്റ്റ് ചെയ്തത്. എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാക്കിയ ഷഫീഖിനെ റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇതോടെ കേസിൽ 71 പ്രതികൾ അറസ്റ്റിലായി.
ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള നീക്കങ്ങൾക്ക് ഷഫീഖാണു രഹസ്യ നേതൃത്വം നൽകിയത്. ഷഫീഖിനൊപ്പം ഒളിവിലായിരുന്ന കെ.വി.സഹീർ, ഭീമന്റെവിട ജാഫർ എന്നിവരെ ഫെബ്രുവരി 12ന് എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ ഒളിവിൽ പോകാൻ സഹായിച്ചവരുടെ വിശദാംശങ്ങൾ ലഭിച്ചു. ഇവരെ പിന്തുടർന്നാണു ഷഫീഖിന്റെ ഒളിത്താവളം കണ്ടെത്തിയത്.
കേസിലെ ഒന്നാം പ്രതി കെ.പി.അഷറഫിനെ അടക്കം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ക്വാഡിലേക്കു റിക്രൂട്ട് ചെയ്തതും സംരക്ഷിച്ചതും ഷഫീഖാണെന്ന് അന്വേഷണ സംഘം പറഞ്ഞു. കൊലപ്പെടുത്താൻ ലക്ഷ്യമിട്ടവരുടെ പട്ടിക തയാറാക്കിയതും അവരുടെ താമസസ്ഥലങ്ങൾക്കു സമീപം രഹസ്യമായി തമ്പടിച്ചു നിരീക്ഷണം നടത്തി കൊലയാളികൾക്കു വിവരങ്ങൾ കൈമാറിയിരുന്നതും ഷഫീഖും അഷറഫും ചേർന്നാണ്. ഷഫീഖിനെ ചോദ്യം ചെയ്ത ശേഷം രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്.