‘സുരേഷ് ഗോപി അതു പറയരുതായിരുന്നു; എനിക്ക് കഥകളി മാത്രം, ബിജെപിക്കാരുമായി പരിചയം കുറവ്’
Mail This Article
തൃശൂർ ∙ സുരേഷ് ഗോപിയോടു വീട്ടിൽ വരേണ്ടെന്നു പറഞ്ഞിട്ടില്ലെന്നും ആ പ്രചാരണം തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയെങ്കിൽ തിരുത്തേണ്ടതാണെന്നും കലാമണ്ഡലം ഗോപി. ചില കാര്യങ്ങൾ തിരുത്തുകയും വ്യക്തമാക്കുകയും ചെയ്തില്ലെങ്കിൽ മനസ്സമാധാനമുണ്ടാകില്ല എന്നതുകൊണ്ടാണ് ഇതു പറയുന്നതെന്നും കലാമണ്ഡലം ഗോപി വ്യക്തമാക്കി.
∙ സുരേഷ് ഗോപി വീട്ടിൽ വരേണ്ടെന്നു പറഞ്ഞ വിവാദത്തിന് ഇപ്പോൾ മറുപടി പറയാൻ കാരണമെന്താണ്?
വീട്ടിൽ വന്ന് അനുഗ്രഹം തേടാൻ അനുവദിച്ചില്ലെങ്കിൽ ഗോപിയാശാനുവേണ്ടി കരുതിവച്ച ഷാളും കസവുമുണ്ടും ഗുരുവായൂരപ്പനു സമർപ്പിക്കുമെന്നു സുരേഷ് പറഞ്ഞതു കേട്ടപ്പോൾ വേദന തോന്നി. അദ്ദേഹം അതു പറയാൻ പാടില്ലായിരുന്നു. വീട്ടിൽ വരരുതെന്നു ഞാൻ സുരേഷ് ഗോപിയോടു പറഞ്ഞിട്ടില്ല. പറയുകയുമില്ല. എന്നെ നേരിട്ടു വിളിച്ചു ചോദിക്കാൻ സ്വാതന്ത്ര്യമുള്ളയാളാണു സുരേഷ് ഗോപി. ആരെങ്കിലും പറയുന്നതു കേട്ട് അദ്ദേഹം അതു പറഞ്ഞതു കേട്ടപ്പോൾ വേദന തോന്നി.
∙ പത്മ അവാർഡിനായി സഹായിക്കാനാകുമോ എന്നു സുരേഷ് ഗോപിയോടു ചോദിച്ചിരുന്നോ?
പത്മ അവാർഡിനായി പേരു പരിഗണിക്കുമ്പോൾ സഹായിക്കാനാകുമോ എന്നു ഞാൻ സുരേഷ് ഗോപിയോടു ചോദിച്ചിരുന്നു എന്നതു സത്യമാണ്. ഞാൻ കള്ളം പറയില്ല. അതിനു കഴിയില്ലെന്നും അതു തീരുമാനിക്കുന്നതു വേറെ ആളുകളാണെന്നും തനിക്കതിൽ പങ്കില്ലെന്നും സുരേഷ് ഗോപി പറയുകയും ചെയ്തു. പിന്നീട് അതേക്കുറിച്ചു ഞങ്ങൾ സംസാരിച്ചിട്ടില്ല. സുരേഷ് ഗോപി അനുഗ്രഹം വാങ്ങാൻ വരുന്നുണ്ടെന്നും ആശാനു പത്മ അവാർഡു വേണ്ടേ എന്നും ഒരു ഡോക്ടർ എന്നോടു ഫോണിൽ ചോദിച്ചു. പത്മ അവാർഡു വാങ്ങിത്തരാമെന്നു പറഞ്ഞ് ആരും അനുഗ്രഹം തേടാൻ വരേണ്ട എന്നു മറുപടിയും പറഞ്ഞു. സുരേഷ് ഗോപി വരേണ്ട എന്നല്ല പറഞ്ഞത്. സുരേഷ് ഗോപിക്കു നേരിട്ട് എന്നെ വിളിക്കാമായിരുന്നല്ലോ.
∙ അങ്ങയുടെ രാഷ്ട്രീയം എന്താണ്?
ഒരു പാർട്ടിയുമായും എനിക്കു പ്രത്യേകിച്ച് അടുപ്പമില്ല. എല്ലാ പാർട്ടിയിലെയും നേതാക്കളുമായി വലിയ അടുപ്പമുണ്ട്. കെ.രാധാകൃഷ്ണനുമായി എത്രയോ കാലത്തെ അടുപ്പമുണ്ട്. അതുകൊണ്ടാണ് അദ്ദേഹം കാണാൻ വന്നപ്പോൾ വോട്ടു ചെയ്യണമെന്ന വിഡിയോ റെക്കോർഡ് ചെയ്യാൻ സമ്മതിച്ചത്. വി.ഡി.സതീശനുമായും രമേശ് ചെന്നിത്തലയുമായും നല്ല അടുപ്പമുണ്ട്. എന്നെ കാണാൻ വരുന്നതിൽ കൂടുതലും കമ്യൂണിസ്റ്റ് ചായ്‌വുള്ളവരാണ്. അതുകൊണ്ട് എനിക്ക് ഇടത്തോട്ടു ചായ്‌വുണ്ട് എന്നു മാത്രം. ബിജെപിക്കാരുമായി ഇടപഴകാത്തതുകൊണ്ടു പരിചയവും കുറവാണ്. ഞാൻ രാഷ്ട്രീയത്തിൽ ആരുടെ കൂടെയും നിൽക്കുന്ന ആളല്ല. എനിക്കു കഥകളിയല്ലാതെ വേറെ ഒന്നുമില്ല.
∙മകൻ രഘുവിന്റെ സമൂഹ മാധ്യമ പോസ്റ്റിലൂടെയാണ് ഈ വിവാദം തുടങ്ങിയത്.
എനിക്കു ഫോൺ നോക്കി ഇതൊന്നും വായിക്കാനറിയില്ല. ഇതുവരെ വായിച്ചിട്ടുമില്ല. മകനു പിഴച്ചുവോ എന്നറിയില്ല. വായിക്കാതെ അതു പറയാനാകില്ലല്ലോ. ആരും തമ്മിൽ തെറ്റിദ്ധാരണ പാടില്ല. അതിനുവേണ്ടിയാണ് എനിക്കു പറയാനുള്ളതു പറയുന്നത്. അച്ഛനു പത്മ വാങ്ങിക്കൊടുക്കാൻ സുരേഷ് ഗോപി വരുന്നു എന്നവനോട് ആരും പറഞ്ഞാലും അതു ശരിയല്ല. മകൻ രഘു എഴുതിയതും അതേക്കുറിച്ചാണ് എന്നാണു ഞാൻ മനസ്സിലാക്കിയത്. ഇനിയും ഒരു വിവാദത്തിനും ഞാനില്ല. സ്നേഹിച്ചു കഴിയേണ്ടവരാണ് എല്ലാവരും. എന്നെ ഗുരുവായൂരപ്പൻ ഓർമിപ്പിക്കുന്നതും അതു മാത്രമാണ്.