അനന്തുവിന്റെ ജീവനെടുത്തത് 25 തവണ പെറ്റിയടിച്ച ടിപ്പർ; പിഴയടച്ച ശേഷം ഓവർലോഡുമായി മരണപ്പാച്ചിൽ
Mail This Article
തിരുവനന്തപുരം ∙ പൊലീസ് ഇരുപത്തിയഞ്ചോളം തവണ പെറ്റിക്കേസെടുത്ത് പിഴയീടാക്കിയിട്ടുള്ള ടിപ്പർ ലോറിയാണ് വിഴിഞ്ഞത്ത് കഴിഞ്ഞദിവസം ബിഡിഎസ് വിദ്യാർഥി അനന്തുവിന്റെ ജീവനെടുത്തത്. ഫെബ്രുവരി 23നും അമിതഭാരത്തിന് 250 രൂപ പിഴ ചുമത്തിയതായി കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പരിവാഹൻ വെബ്സൈറ്റിൽനിന്നു വ്യക്തമാകുന്നു.
ശബ്ദ മലിനീകരണത്തിനും മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലാതെയുള്ള ഓട്ടത്തിനും കഴിഞ്ഞ 14ന് കാട്ടാക്കട സബ് ആർടിഒ 2000 രൂപ പിഴ ചുമത്തിയിരുന്നു. പിഴ അടച്ചാലും കൂടുതൽ ലോഡ് എത്തിച്ചു ലാഭമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടിപ്പറുകളുടെ മരണപ്പാച്ചിൽ.
അനന്തുവിന്റെ മരണകാരണം ലോറിയുടെ അതിവേഗവും മോശം റോഡുമാണെന്നാണ് മോട്ടർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. അനന്തുവിന്റെ സംസ്കാരം നടത്തി. കുടുംബത്തിനു സർക്കാർ സഹായം ഉറപ്പാക്കുമെന്ന് അറിയിച്ച മന്ത്രി വി.ശിവൻകുട്ടി ഇക്കാര്യത്തിൽ അദാനി തുറമുഖ കമ്പനിയും സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ലോഡുമായി ടിപ്പർ ലോറി പോകുമ്പോഴായിരുന്നു അപകടം.