പ്രിൻസിപ്പൽ നിയമനം: യുജിസി ചട്ടങ്ങൾക്കു വിരുദ്ധം; തരംതാഴ്ത്തിയവർ വീണ്ടും
Mail This Article
തിരുവനന്തപുരം∙ കോടതി ഉത്തരവിനെത്തുടർന്നു തരംതാഴ്ത്തിയ ഗവ.കോളജ് പ്രിൻസിപ്പൽമാരെ യുജിസി ചട്ടങ്ങൾക്കു വിരുദ്ധമായി വീണ്ടും പ്രിൻസിപ്പൽമാരായി നിയമിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. യോഗ്യതയിൽ ഇളവു നൽകി പ്രിൻസിപ്പൽമാരായി നിയമിച്ചതിനാൽ യോഗ്യതയില്ലാത്ത മറ്റ് അധ്യാപകരും ഇനി പ്രിൻസിപ്പൽ പദവി ആവശ്യപ്പെട്ട് രംഗത്തിറങ്ങും. യുജിസിയുടെ 2010ലെ റഗുലേഷനു വിരുദ്ധമായി 2017-18 കാലയളവിൽ ഇടത് അധ്യാപക സംഘടനാ നേതാക്കൾ ഉൾപ്പെടെ 12 പേരെ പ്രിൻസിപ്പൽമാരായി നിയമിച്ചത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ റദ്ദാക്കിയിരുന്നു.
യൂണിവേഴ്സിറ്റി കോളജിലെ അധ്യാപകനായിരുന്ന ഡോ.എസ്.ബാബു നൽകിയ കേസിലായിരുന്നു നടപടി. യുജിസി റഗുലേഷൻ പ്രകാരം സിലക്‌ഷൻ കമ്മിറ്റി രൂപീകരിച്ച് അധ്യാപകരുടെ യോഗ്യത പുനഃപരിശോധിച്ച് ഹർജിക്കാരൻ ഉൾപ്പടെയുള്ളവരുടെ പ്രിൻസിപ്പൽ നിയമനത്തിൽ തീരുമാനമെടുക്കാൻ ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. പരാതിക്കാരൻ വിരമിച്ചതിനാൽ 2017 മുതൽ പ്രാബല്യത്തോടെ അദ്ദേഹത്തെ സാങ്കൽപിക തസ്തികയിൽ പ്രിൻസിപ്പലായി നിയമിക്കാനും ബാക്കിയുള്ളവരിൽ 7 പേർക്ക് യുജിസി വ്യവസ്ഥയിൽ ഇളവു നൽകി സ്ഥാനക്കയറ്റം നൽകാനുമാണ് സർക്കാർ ഉത്തരവ്. ആകെ 10 പേർക്കാണ് സ്ഥാനക്കയറ്റം. യുജിസി വ്യവസ്ഥയനുസരിച്ചു പ്രിൻസിപ്പലാകണമെങ്കിൽ അംഗീകൃത റിസർച് ഗൈഡ് ആയിരിക്കണം. എന്നാൽ വിദ്യാർഥികളുടെ പ്രോജക്ടുകൾ ഗൈഡ് ചെയ്തവരെ ഗൈഡുകൾ ആണെന്നു വ്യാഖ്യാനിച്ചാണ് 7 പേർക്ക് സ്ഥാനക്കയറ്റം നൽകിയത്.