ADVERTISEMENT

തിരുവനന്തപുരം∙ ഗവ.കോളജുകളിൽ യുജിസി വ്യവസ്ഥ ലംഘിച്ചു സർക്കാർ നടത്തിയ പ്രിൻസിപ്പൽ പ്രമോഷനുകൾ നിയമക്കുരുക്കിലാകും. ഇവ കോടതിയിൽ ചോദ്യം ചെയ്യുമെന്നു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി അറിയിച്ചു. യുജിസി വ്യവസ്ഥയ്ക്കു വിരുദ്ധമായി പ്രമോഷൻ നൽകാനുള്ള സർക്കാരിന്റെ മുൻ ഉത്തരവ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തതോടെ മുപ്പതോളം ഗവ.കോളജുകളിൽ സ്ഥിരം പ്രിൻസിപ്പൽ നിയമനം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിനിടെയാണ് യോഗ്യതയില്ലാത്ത 7 പേരെ കൂടി പ്രിൻസിപ്പൽമാരായി നിയമിച്ചത്. ഇവർ ഭരണാനുകൂല സംഘടനയിൽ പെട്ടവരാണ്.

യുജിസി വ്യവസ്ഥ ലംഘിച്ചു പ്രിൻസിപ്പൽ, പ്രഫസർ നിയമനവും പ്രമോഷനും നൽകുന്നത് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ പതിവാണ്. ഇടതുപക്ഷ അധ്യാപക സംഘടനകളുടെ സമ്മർദത്തിനു വഴങ്ങി ഉന്നത വിദ്യാഭ്യാസ മന്ത്രി യുജിസി വ്യവസ്ഥ ലംഘിച്ച് ഉത്തരവിറക്കുന്നു എന്നാണ് ആക്ഷേപം. യോഗ്യതയില്ലാത്തവരുടെ പ്രിൻസിപ്പൽ, പ്രഫസർ പ്രമോഷനുകൾ തടഞ്ഞ കോളജ് വിദ്യാഭ്യാസ ഡയറക്ടർ വി. വിഘ്നേശ്വരിയെ സ്ഥലം മാറ്റി. വിഘ്നേശ്വരിയുടെ നിലപാടിനെ മന്ത്രി പരസ്യമായി വിമർശിക്കുകയും ചെയ്തു.

പുതിയ ഡയറക്ടർ വന്ന ശേഷം യുജിസി യോഗ്യത ഇല്ലാത്തവർക്കു കൂടി പ്രിൻസിപ്പൽമാരായും പ്രഫസർമാരായും പ്രമോഷൻ നൽകാൻ ഉത്തരവ് പുറപ്പെടുവിച്ചു. 2022ൽ ഇന്റർവ്യൂ കഴിഞ്ഞ് യുജിസി യോഗ്യതയുള്ളവരായി വിദഗ്ധ സമിതി കണ്ടെത്തിയ 35 ഗവ.കോളജ് അധ്യാപകർക്ക് പ്രഫസർ ആയി പ്രമോഷൻ നൽകിയിരുന്നു . വിഘ്നേശ്വരി അധ്യക്ഷയായ സമിതിയാണ് പ്രമോഷനു ശുപാർശ ചെയ്തത്. സിപിഎം അനുകൂല അധ്യാപക സംഘടനയിൽപെട്ട ചിലർ അന്ന് അയോഗ്യരായി. അയോഗ്യരായവർക്ക് യുജിസി നിയമപ്രകാരം ഒരു വർഷം കഴിഞ്ഞേ വീണ്ടും അപേക്ഷിക്കാൻ സാധിക്കൂ. എന്നാൽ 5 മാസത്തിനുള്ളിൽ പുതിയ വിദഗ്ധസമിതി രൂപീകരിച്ച് നേരത്തേ അയോഗ്യരായി കണ്ടെത്തിയവർക്കും പ്രഫസർ പദവി നൽകുകയായിരുന്നു.

യുജിസി അംഗീകൃത ജേണലുകൾക്കു പകരം നിലവാരമില്ലാത്ത മാസികകളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ കൂടി കണക്കിലെടുത്തതാണ് 90 പേർക്ക് പ്രമോഷൻ നൽകിയത്. പ്രിൻസിപ്പൽ ആകുന്നതിന് 15 വർഷത്തെ അധ്യാപനപരിചയം വേണമെന്നു യുജിസി വ്യവസ്ഥയുണ്ടെങ്കിലും ഡപ്യൂട്ടേഷനിൽ അനധ്യാപക പദവികളിൽ സേവനം ചെയ്ത കാലം കൂടി അധ്യാപന പരിചയമായി കണക്കാക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു.

English Summary:

Principal appointment will be in legal trouble

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com