ബിജെപി വിളിച്ചു, വരില്ലെന്ന് പറഞ്ഞു: ബിജിമോൾ
Mail This Article
തൊടുപുഴ ∙ ബിജെപിയിലേക്കു ക്ഷണിച്ച് ചില നേതാക്കൾ മുൻപു വിളിച്ചിരുന്നെന്നും താൽപര്യമില്ലെന്നു തീർത്തുപറഞ്ഞുവെന്നും സിപിഐ മുൻ എംഎൽഎ ഇ.എസ്.ബിജിമോൾ. ഇക്കാര്യം പാർട്ടി നേതൃത്വത്തിനും അറിയാമെന്നും അവർ വ്യക്തമാക്കി.
കേരള കോൺഗ്രസ് നേതാവും എംഎൽഎയുമായിരുന്ന മാത്യു സ്റ്റീഫനുമായും കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കർ ചർച്ച നടത്തിയിരുന്നുവെന്നാണു സൂചന. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിലെ എൻഡിഎ സ്ഥാനാർഥിയായി മാത്യു സ്റ്റീഫനെ പരിഗണിച്ചിരുന്നു. ബിഡിജെഎസിൽ അംഗത്വമെടുത്ത് മത്സരിക്കണമെന്നായിരുന്നു നിബന്ധന. എന്നാൽ ബിജെപി അംഗത്വം തന്നെ വേണമെന്ന് അദ്ദേഹം നിലപാടെടുത്തതോടെ പാർട്ടി തീരുമാനം വൈകി.
ബിജെപിയിലേക്കോ: ഞങ്ങൾ അത്തരക്കാരല്ല; പ്രചാരണത്തോട് കോൺഗ്രസ് നേതാക്കൾ പ്രതികരിക്കുന്നു
തിരുവനന്തപുരം ∙ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്കു ചേക്കേറുമെന്ന പ്രചാരണമാണ് ഓരോ ദിവസവും. ബിജെപിയെക്കാൾ സിപിഎമ്മിന്റെ സൈബറിടങ്ങളാണ് ഈ പ്രചാരണത്തിനു പ്രോത്സാഹനം നൽകുന്നതെന്നു കോൺഗ്രസ് ആരോപിക്കുന്നു. പേരു പരാമർശിക്കപ്പെട്ട ചില കോൺഗ്രസ് നേതാക്കൾ പ്രതികരിക്കുന്നു.
∙ അമ്മയെ ഒഴികെ എല്ലാം വിലയ്ക്കു വാങ്ങാവുന്ന കാലമാണ്. അങ്ങനെ പോകുന്ന പൈതൃകമല്ല എന്റേത്. ഓർമയിലും വിശ്വാസത്തിലുമെല്ലാം കോൺഗ്രസാണ്. കോൺഗ്രസ് എന്നെയും അങ്ങനെ കാണുന്നു. - പീതാംബരക്കുറുപ്പ്, മുൻ എംപി
∙ പത്തനംതിട്ടയിൽ തിരഞ്ഞെടുപ്പു കൺവൻഷൻ ഉദ്ഘാടന വേദിയിൽ ഇരിക്കുമ്പോഴാണ് ഈ സമൂഹമാധ്യമ പ്രചാരണം കണ്ടത്. പിന്നിൽ സിപിഎമ്മാണെന്നറിയാം. മര്യാദയില്ലാത്ത രാഷ്ട്രീയമാണിത്. - പന്തളം സുധാകരൻ, യുഡിഎഫ് പ്രചാരണസമിതി കൺവീനർ
∙ ഈ മറുപടി പറയുമ്പോൾ ഞാൻ പ്രേമചന്ദ്രന്റെ പ്രചാരണപരിപാടികളുടെ വിശകലന ചർച്ചയിലാണ്. ത്രിപുരയിൽ ഓഫിസുകളടക്കം ബിജെപിക്കു കൊടുത്ത സിപിഎമ്മാണ് ഇതു പറയുന്നത്. - ശൂരനാട് രാജശേഖരൻ, കെപിസിസി മുൻ വൈസ് പ്രസിഡന്റ്
∙ ഈ പ്രചാരണം അവജ്ഞയോടെ തള്ളുന്നു. എന്റെ ശരീരത്തെ നൂറോളം മുറിപ്പാടുകൾ കോൺഗ്രസിന്റെ കൊടി പിടിച്ചപ്പോൾ കിട്ടിയതാണ്. മരിക്കുന്നതുവരെ ആ കൊടി പിടിക്കും. കോൺഗ്രസ് എന്റെ ചോരയാണ്. - ടി. ശരത്ചന്ദ്രപ്രസാദ്, കെപിസിസി മുൻ ജനറൽ സെക്രട്ടറി