പോൾ കഫേ: എതിരില്ലാസ്നേഹമൊഴികൾ, പ്രണയ വരികൾ
Mail This Article
തിരഞ്ഞെടുപ്പിന്റെ ആവേശച്ചൂടിൽ സ്നേഹത്തിന്റെയും സംഗീതത്തിന്റെയും തണൽ വീശി ഒരു മാഷും രണ്ടു ചേട്ടൻമാരും. ചാലക്കുടി മണ്ഡലത്തിലെ മുന്നണി സ്ഥാനാർഥികളാണ് മലയാള മനോരമ ആലുവയിലൊരുക്കിയ ‘പോൾ കഫെ’യിൽ സൗഹൃദത്തിന്റെ നയപ്രഖ്യാപനവുമായെത്തിയത്.
ഇടതു സ്ഥാനാർഥി പ്രഫ. സി. രവീന്ദ്രനാഥ് എതിർ സ്ഥാനാർഥികളടക്കം എല്ലാവർക്കും മാഷ്് തന്നെ. യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാനും എൻഡിഎ സ്ഥാനാർഥി കെ.എ. ഉണ്ണിക്കൃഷ്ണനും പരസ്പരം വിളിക്കുന്നതാകട്ടെ നാട്ടുകാർ വിളിക്കുന്നതു പോലെ ‘ചേട്ടൻ’ എന്നും. നീണ്ട കാലത്തെ സൗഹൃദമുള്ളവരെങ്കിലും സ്ഥാനാർഥികളായ ശേഷം മൂവരും ആദ്യം കണ്ടു മുട്ടുന്നതും കൈകോർക്കുന്നതും ‘മനോരമ’യുടെ വേദിയിലാണ്. ചാലക്കുടിയിലെ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത മൂവരും വിവരിച്ചതിങ്ങനെ: ‘പരസ്പര ബഹുമാനത്തോടെയുള്ള പ്രചാരണം. എതിർ സ്ഥാനാർഥികളെക്കുറിച്ച് ഒരു വാക്കു പോലും മോശമായി ഞങ്ങളാരും പറഞ്ഞിട്ടില്ല, പറയുകയുമില്ല’
തിരഞ്ഞെടുപ്പു കാലത്തെ ദിനചര്യയും ആഹാരവും ആരോഗ്യസംരക്ഷണവുമെക്കെ വിഷയമായ ചർച്ചയിൽ തിളയ്ക്കുന്ന വേനലിന്റെ ആഘാതത്തെക്കുറിച്ചു 3 പേർക്കും ഒരേ അഭിപ്രായം: ‘ചൂടു കഠിനം തന്നെ. പക്ഷേ പ്രവർത്തകരുടെ ആവേശം കാണുമ്പോൾ നമ്മുടെ ക്ഷീണം എവിടെയോ മറയും. പൊതു പ്രവർത്തകൻ എന്ന നിലയ്ക്ക് ആളുകൾക്കും അവരുടെ പ്രശ്നങ്ങൾക്കുമിടയിൽ നിൽക്കുമ്പോൾ നമ്മുടെ പ്രശ്നങ്ങളൊക്കെ മറക്കും’
താൻ എംപി ആയിരുന്നപ്പോൾ നടത്തിയ പല പരിപാടികൾക്കും ചാലക്കുടി എസ്എൻഡിപി യേഗത്തിന്റെ ഹാൾ സൗജന്യമായി വിട്ടുതന്നയാളാണ് എസ്എൻഡിപി നേതാവു കൂടിയായ ഉണ്ണിക്കൃഷ്ണനെന്ന് ബെന്നി പറഞ്ഞപ്പോൾ ഉണ്ണിക്കൃഷ്ണൻ കൂട്ടിച്ചേർത്തു: ‘ബെന്നിച്ചേട്ടനു മാത്രമല്ല, ഇന്നസന്റ് ചേട്ടനും അങ്ങനെ ഹാൾ കൊടുത്തിട്ടുണ്ട്. ജനങ്ങൾക്കു ഗുണമുള്ള പരിപാടി ആരു നടത്തിയാലും സഹകരിക്കും’.
മുട്ട പോലും കഴിക്കാത്ത സസ്യഭുക്കാണ് രവീന്ദ്രനാഥ്. ‘ഞങ്ങളൊന്നിച്ച് ചൈനയിൽ പോയപ്പോൾ മാഷിനു വേണ്ടി സസ്യഭക്ഷണം ഓർഡർ ചെയ്തത് ഞാനായിരുന്നു. ചൈനയിലെ ആഹാരത്തിൽ വളരെ പാടുപെട്ട് സസ്യഭക്ഷണം ഏതെന്നു ഞാൻ കണ്ടെത്തി കൊടുക്കുമ്പോൾ വിശ്വാസപൂർവം അദ്ദേഹം അതു കഴിക്കുമായിരുന്നു– ബെന്നി ബഹനാൻ പറഞ്ഞു.
കെ.എ. ഉണ്ണികൃഷ്ണനെ എൻഡിഎ സ്ഥാനാർഥിയാക്കിയപ്പോൾ അദ്ദേഹം അക്കാര്യം പറയാൻ ആദ്യം വിളിച്ചവരിലൊരാൾ ബെന്നി ബഹനാനാണ്. രണ്ടു പേരുടെയും കുടുംബവും അടുപ്പത്തിൽ.
ചാലക്കുടിക്കാരനായ ആർഎൽവി രാമകൃഷ്ണന് നിറത്തിന്റെ പേരിൽ നേരിട്ട അവഹേളനത്തെക്കുറിച്ച് സംസാരിച്ചപ്പോൾ സ്ഥാനാർഥികൾക്കെല്ലാം വാക്കുകളിൽ ക്രോധത്തിന്റെ ചൂട്. മൂവരും രാമകൃഷ്ണനെ വിളിച്ചു പിന്തുണ അറിയിച്ചവരാണ്. നവോത്ഥാനത്തിന്റെ വഴിയിലൂടെ കുതിച്ച കേരളം പിന്നാക്കം നടക്കുന്നത് കാണുമ്പോൾ ഏറെ വേദനയുണ്ടെന്നു പറയുമ്പോഴും അവർക്ക് ഒരേ സ്വരം.
സയൻസ്, ഫിലോസഫി പുസ്തകങ്ങളുടെ വായനയാണ് രവീന്ദ്രനാഥിന്റെ ഹോബി. പണ്ടു ഫുട്ബോൾ കളിക്കാരനായിരുന്നതിനാൽ സ്പോർട്സിൽ ബെന്നിക്ക് ഇപ്പോഴും കമ്പം. പൊതുപ്രവർത്തനത്തിനിടെയുള്ള ഇടവേളകളിൽ പാട്ടു പാടാനുള്ള അവസരങ്ങൾ പാഴാക്കാറില്ല ഉണ്ണിക്കൃഷ്ണൻ.
ഉണ്ണിക്കൃഷ്ണന്റെ ഒരു പാട്ടോടെ പരിപാടി അവസാനിപ്പിക്കാമെന്ന നിർദേശത്തിന് മറ്റു 2 സ്ഥാനാർഥികളുടെയും നിരുപാധിക പിന്തുണ. ഉണ്ണിക്കൃഷ്ണൻ പാടിയ ‘പ്രാണസഖി, ഞാൻ വെറുമൊരു...’ എന്ന ഗാനത്തിനൊപ്പം പാടി ബെന്നിയും താളമിട്ട് രവീന്ദ്രനാഥും ഒപ്പം ചേർന്നു. അതു കഴിഞ്ഞപ്പോൾ തൊട്ടു മുന്നിൽ ഒഴുകുന്ന പെരിയാറിനെ നോക്കി ബെന്നി പാടി– ‘പെരിയാറേ, പെരിയാറേ...’. അതോടെ രവീന്ദ്രനാഥും പാട്ടിലേക്കു കടന്നു– ‘ഇന്നലെ നീയൊരു സുന്ദര രാഗമായെൻ...’
‘ഉണ്ണിച്ചേട്ടനും മാഷും പാടിയ പ്രണയഗാനങ്ങൾ പഴയ ഏതോ ഓർമകളുടെ ബാക്കിപത്രമാണെ’ന്ന ബെന്നിയുടെ കുസൃതിക്കു മുന്നിൽ ചിരിച്ചും പിന്നെ, പരസ്പരം ഗാഢാലിംഗനത്തിലമർന്നും സ്ഥാനാർഥികൾ പുറത്തേക്ക്–അവിടെ പ്രവർത്തകർ കാത്തു നിൽക്കുകയാണ്, മീനത്തീവെയിലിലും നാടാകെ ഓടി നടന്നു വോട്ടുറപ്പിക്കാൻ.