ഐഎസ്ആർഒ: റോക്കറ്റ് അവശിഷ്ടമെല്ലാം തിരിച്ചെത്തിച്ച് ചരിത്രനേട്ടം
Mail This Article
തിരുവനന്തപുരം ∙ ബഹിരാകാശ ഭ്രമണപഥത്തിലെ മാലിന്യം കുറയ്ക്കാനുള്ള ലക്ഷ്യങ്ങളിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം ഒരു നാഴികക്കല്ലു കൂടി പിന്നിട്ടു. പുതുവർഷ ദിനത്തിൽ എക്സ്പോസാറ്റ് ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിക്കാൻ വിക്ഷേപിച്ച പിഎസ്എൽവി റോക്കറ്റിന്റെ മുഴുവൻ അവശിഷ്ടങ്ങളും ഭൂമിയിൽ തിരിച്ചെത്തിച്ചതാണു നേട്ടം.
ഉപഗ്രഹം ലക്ഷ്യത്തിലെത്തിച്ച ശേഷം റോക്കറ്റിലെ നാലാം ഘട്ടത്തെ ‘പോയം–3’ എന്ന ചെലവു കുറഞ്ഞ ബഹിരാകാശ പ്ലാറ്റ്ഫോം ആക്കുകയും 650 കിലോമീറ്റർ ഉയരത്തിലെ ഭ്രമണപഥത്തിൽ നിന്ന് 350 കിലോമീറ്ററിലേക്കു താഴ്ത്തുകയും ചെയ്തിരുന്നു. ‘പോയ’ത്തിൽ സർക്കാരിതര ഏജൻസികളുടേതുൾപ്പെടെ 9 പഠനോപകരണങ്ങളുണ്ടായിരുന്നു. ഇവയെല്ലാം ലക്ഷ്യം നിറവേറ്റിയ ശേഷമാണ് ഭൂമിയുടെ അന്തരീക്ഷത്തിലെത്തി, കഴിഞ്ഞ 21ന് വടക്കൻ പസഫിക് സമുദ്രത്തിൽ പതിച്ചത്.
തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററാണ് പിഎസ്എൽവി റോക്കറ്റിന്റെ നാലാം ഘട്ടത്തെ ചെലവു കുറഞ്ഞ ചെറു ഉപഗ്രഹമായി കണക്കാക്കാവുന്ന ‘പോയം’ ആയി രൂപപ്പെടുത്തിയത്. ആയിരക്കണക്കിനു റോക്കറ്റുകളും ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നതിലൂടെ അന്തരീക്ഷത്തിനു മുകളിൽ അപകടകരമായ അവശിഷ്ടങ്ങൾ കറങ്ങി നടക്കുന്നത് ഭാവിയിലെ ഗവേഷണ പദ്ധതികൾക്കുൾപ്പെടെ അപകടമാകുമെന്ന തിരിച്ചറിവിലാണ് ഭ്രമണപഥ മാലിന്യങ്ങൾ കുറയ്ക്കാൻ രാജ്യാന്തര തലത്തിൽ ഏജൻസികൾ തമ്മിൽ ധാരണയായത്.