കെ. സുരേന്ദ്രനെ ഇറക്കിയെങ്കിലും വോട്ട് കൂട്ടുക ബിജെപിക്ക് വെല്ലുവിളി; വയനാട്ടിൽ വിറപ്പിക്കുമോ വിയർക്കുമോ?
Mail This Article
കൽപറ്റ ∙ ഇന്ത്യാമുന്നണിയുടെ ദേശീയനേതാക്കളായ രാഹുൽ ഗാന്ധിയും ആനിരാജയും തമ്മിൽ മത്സരിക്കുന്ന വയനാട്ടിൽ സംസ്ഥാന പ്രസിഡന്റിനെത്തന്നെ ബിജെപി കളത്തിലിറക്കിയത് ഏറെ ചിന്തിച്ചുറപ്പിച്ചുള്ള രാഷ്ട്രീയനീക്കത്തിലൂടെ. എ.പി.അബ്ദുല്ലക്കുട്ടി, സി.കെ.ജാനു, സന്ദീപ് വാരിയർ തുടങ്ങി ഒട്ടേറെപ്പേരുകൾ അവസാനം വരെ ചർച്ചയിലുണ്ടായിരുന്നെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ നിർദേശത്തിലാണ് കെ.സുരേന്ദ്രന്റെ സസ്പെൻസ് എൻട്രി.
എന്നാൽ, ബിജെപിക്ക് സംഘടനാശേഷിയും വോട്ടുബലവും ഏറ്റവും കുറഞ്ഞ മണ്ഡലങ്ങളിലൊന്നിൽ കെ. സുരേന്ദ്രൻ ഇറങ്ങുന്നതു വെറുതെയല്ലെന്നു ബോധ്യപ്പെടുത്താൻ ഏറെ വിയർപ്പൊഴുക്കേണ്ടിവരും. രാഹുൽ ഗാന്ധിയെ വയനാട്ടിൽത്തന്നെ തളച്ചിടുകയാണു സ്ഥാനാർഥിത്വത്തിന്റെ ലക്ഷ്യമെന്ന് എൻഡിഎ അവകാശപ്പെടുന്നുണ്ടെങ്കിലും അതത്ര എളുപ്പമല്ലെന്ന് അവർക്കുതന്നെ ബോധ്യമുണ്ടാകും. കാര്യമായി വോട്ട് പിടിക്കണമെങ്കിൽ സുരേന്ദ്രനും മറ്റു മണ്ഡലങ്ങൾ വിട്ട് വയനാട്ടിൽ പ്രചാരണം കേന്ദ്രീകരിക്കേണ്ടിവരും.
വയനാട് ലോക്സഭാ മണ്ഡലം രൂപീകരിച്ചശേഷം ആദ്യം തിരഞ്ഞെടുപ്പു നടന്ന 2009 ൽ 31,687 വോട്ട് മാത്രമാണ് എൻഡിഎയ്ക്കു കിട്ടിയത്. 2014 ൽ 80,752 ആയി ഉയർന്നു. എന്നാൽ, രാഹുൽ ഗാന്ധി വയനാട്ടിലെത്തിയ 2019 ലെ തിരഞ്ഞെടുപ്പിൽ ബിഡിജെഎസ് കളത്തിലിറക്കിയ തുഷാർ വെള്ളാപ്പള്ളിക്ക് 78,809 വോട്ട് മാത്രമാണു നേടാനായത്. ഇത്തവണ താമര ചിഹ്നത്തിൽ മത്സരിക്കുമ്പോൾ കൂടുതൽ വോട്ടുകൾ വീഴുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
ഭാരത് ജോഡോ യാത്ര കഴിഞ്ഞാലുടൻ രാഹുൽ ഗാന്ധി വയനാട്ടിലെത്തുമെന്നായിരുന്നു ആദ്യം ലഭിച്ച അറിയിപ്പെങ്കിലും അതു നടന്നില്ല. ഇനി നാമനിർദേശപത്രിക കൊടുക്കാനേ രാഹുൽ വരാനിടയുള്ളൂ. രാഹുലിന്റെ വരവ് വൻ സംഭവമാക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. യുഡിഎഫ് നിയോജകമണ്ഡലം കൺവൻഷനുകൾ നല്ല പങ്കാളിത്തത്തോടെ നടത്തിയെങ്കിലും താഴെത്തട്ടിലുള്ള പ്രചാരണം അത്ര സജീവമായിട്ടില്ല. എൽഡിഎഫ് സ്ഥാനാർഥി ആനി രാജ മണ്ഡലത്തിലുടനീളം ഊർജിത പ്രചാരണത്തിലാണ്. ഇതിനകം തന്നെ രണ്ടുഘട്ടം പര്യടനം പൂർത്തിയാക്കി. ഇന്നു വയനാട്ടിൽ എത്തുന്ന സുരേന്ദ്രൻ വൈകിട്ട് നാലിനു കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും.
സുരേന്ദ്രന്റെ തുടക്കം വയനാട്ടിൽ
കോഴിക്കോട് ഉള്ളിയേരി സ്വദേശിയാണെങ്കിലും കെ.സുരേന്ദ്രന്റെ രാഷ്ട്രീയജീവിതത്തിന്റെ തുടക്കം വയനാട്ടിലായിരുന്നു. ജ്യേഷ്ഠന്മാരുടെ വളം ബിസിനസ് നോക്കാൻ തൊണ്ണൂറുകളിൽ സുരേന്ദ്രൻ വയനാട് കാരാപ്പുഴയിലുണ്ടായിരുന്നു. കുറച്ചുകാലം കാപ്പിത്തോട്ടത്തിൽ മാനേജരുമായി. അതിനിടെയാണ് ആർഎസ്എസിലും യുവമോർച്ചയിലും സജീവമാകുന്നത്. യുവമോർച്ച വയനാട് ജില്ലാ പ്രസിഡന്റായിരുന്നു.
ലോക്‌സഭയിലേക്കു 2 തവണ കാസർകോട്ടുനിന്നും കഴിഞ്ഞ തവണ പത്തനംതിട്ടയിൽനിന്നും മത്സരിച്ച സുരേന്ദ്രൻ ഇത്തവണ എവിടെയും മത്സരിക്കില്ലെന്നായിരുന്നു ആദ്യ സൂചന.
നിയമസഭയിലേക്കു 2 തവണ മഞ്ചേശ്വരത്തുനിന്നു മത്സരിച്ചതിൽ 2016 ൽ 89 വോട്ടിനാണ് യുഡിഎഫിനോടു പരാജയപ്പെട്ടത്. 2021 ൽ മഞ്ചേശ്വരത്തിനൊപ്പം പത്തനംതിട്ടയിലെ കോന്നിയിൽനിന്നും മത്സരിച്ചു.