ബസിന് തുമ്പിക്കൈനീട്ടി നടുറോഡിൽ പടയപ്പ!
Mail This Article
മൂന്നാർ ∙ തുമ്പിക്കൈകൊണ്ട് കെഎസ്ആർടിസി ബസിന്റെ സ്റ്റിയറിങ് കറക്കിയും സീറ്റ് ബെൽറ്റ് പൊട്ടിക്കാൻ ശ്രമിച്ചും പടയപ്പയുടെ പരാക്രമം. ഇന്നലെ രാവിലെ യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസിനുള്ളിൽ ഭക്ഷണം തേടിയായിരുന്നു പടയപ്പയുടെ ‘പരിശോധന.’
രാവിലെ 6.45നു കൊച്ചി - ധനുഷ്കോടി ദേശീയപാതയിലെ ലാക്കാട് ടോൾ പ്ലാസയ്ക്കു സമീപമാണു കാട്ടാന റോഡിലിറങ്ങിയത്. ബസിൽ 15 യാത്രക്കാരുണ്ടായിരുന്നു. ആനയെ റോഡിൽ കണ്ടതോടെ ഡ്രൈവർ പി.പി.ഹരിദാസ് ബസ് റോഡരികിൽ ഒതുക്കി നിർത്തി. കണ്ടക്ടർ എൻ.കെ.സജീവനും ഡ്രൈവറും യാത്രക്കാരുമെല്ലാം ബസിന്റെ പിൻഭാഗത്തേക്കു മാറി ഷട്ടറുകൾ താഴ്ത്തിയിരുന്നു.
പടയപ്പ ഡ്രൈവർസീറ്റിന്റെ അടുത്തുള്ള വാതിലിലൂടെ തുമ്പിക്കൈ അകത്തിട്ട് ഭക്ഷണത്തിനായി പരതി. ഡ്രൈവറുടെ സീറ്റ് ബെൽറ്റ് വലിച്ചുപൊട്ടിക്കാൻ ശ്രമിച്ചശേഷം പിൻവാങ്ങി. ബസിനു കേടുപാടില്ല. ദ്രുതകർമസേനയെത്തി പടയപ്പയെ ഓടിച്ചു.