ക്യാംപസ് രാഷ്ട്രീയം: സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി
Mail This Article
കൊച്ചി ∙ സംസ്ഥാനത്തെ കോളജ് ക്യാംപസുകളിലും കോളജ് ഹോസ്റ്റലുകളിലും വിദ്യാർഥി യൂണിയനുകൾക്കു രാഷ്ട്രീയപ്രവർത്തനം നടത്താൻ അവകാശമില്ലെന്നു പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. കൊല്ലം സ്വദേശി ഡോ. എസ്. ഗണപതിയാണു ഹർജി നൽകിയത്.
രാജ്യാന്തര തലത്തിൽ അംഗീകാരം നേടിയ വിദഗ്ധരെ മാത്രമേ വൈസ് ചാൻസലർമാരായി നിയമിക്കാവൂയെന്നു നിർദേശിക്കണം, ഇത്തരത്തിൽ തന്നെയാകണം സെനറ്റ്, സിൻഡിക്കറ്റ് അംഗങ്ങളെ നിയമിക്കുന്നതും തിരഞ്ഞെടുക്കുന്നതുമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
കെഎസ്‌യു, എസ്എഫ്ഐ, എഐഎസ്എഫ്, എംഎസ്എഫ്, എബിവിപി, കെഎസ്‌സി (ജോസഫ്), കെഎസ്‌സി (മാണി) തുടങ്ങിയ സംഘടനകളെ എതിർകക്ഷികളാക്കിയാണു ഹർജി. ഇവ രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർഥി വിഭാഗമാണെന്നും ക്യാംപസിലും കോളജ് ഹോസ്റ്റലിലും രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിനാൽ രാഷ്ട്രീയ സംഘടനകളാണെന്നും ഹർജിയിൽ അറിയിച്ചു.
രാഷ്ട്രീയ രീതിയിലുള്ള പ്രതിഷേധത്തിലൂടെ പഠിക്കാനുള്ള വിദ്യാർഥിയുടെ അവകാശത്തെ തടയാൻ ആർക്കും അവകാശമില്ല. സമരങ്ങളും സംഘർഷങ്ങളും ക്യാംപസുകളിൽ നടക്കുന്നതായി എല്ലാ ദിവസവും റിപ്പോർട്ടുണ്ട്. വിദ്യാർഥികൾ രാഷ്ട്രീയമനുസരിച്ചു സംഘടിച്ചു നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുകയാണ്. ഇതിനു രാഷ്ട്രീയ നേതാക്കളാണു പിന്തുണ നൽകുന്നത്. ലിങ്ദോ കമ്മിറ്റിയുടെ ശുപാർശ കർശനമായി നടപ്പാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിട്ടും സർക്കാരുകൾ നടപടിയെടുത്തിട്ടില്ലെന്നും ഹർജിയിൽ അറിയിച്ചു.