85 ലക്ഷത്തിന്റെ തട്ടിപ്പ്; മോൻസൻ മാവുങ്കലിന്റെ മാനേജർ അറസ്റ്റിൽ
Mail This Article
കോട്ടയം ∙ പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ മാനേജരായിരുന്ന യുവതി സാമ്പത്തികത്തട്ടിപ്പു കേസിൽ അറസ്റ്റിൽ. എറണാകുളം തൃക്കാക്കര ചേലൂർ നിധി ശോശാ കുര്യനെ (38) ആണു വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം കരമനയിലാണ് ഇവർ താമസിക്കുന്നതെന്നു പൊലീസ് അറിയിച്ചു. വാകത്താനം നാലുന്നാക്കൽ സ്വദേശികളായ ദമ്പതികളെ പുരാവസ്തു ബിസിനസിൽ പങ്കാളികളാക്കാമെന്നു വിശ്വസിപ്പിച്ച് 85 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് അറസ്റ്റ്. കേസിൽ കൂടുതൽ പേർ പിടിയിലാകാനുണ്ടെന്നു പൊലീസ് പറഞ്ഞു.
പൊലീസ് പരിശോധനയിൽ 22 ലക്ഷം രൂപ നിധിയുടെ അക്കൗണ്ടിൽ വന്നതായി കണ്ടെത്തി. തുടർന്നു നടത്തിയ തിരച്ചിലിൽ ഇവരെ എറണാകുളത്തു നിന്നാണു പിടികൂടിയത്. മോൻസൻ മാവുങ്കൽ അറസ്റ്റിലാകുമ്പോൾ നിധിയായിരുന്നു അദ്ദേഹത്തിന്റെ മാനേജരെന്നു പൊലീസ് പറഞ്ഞു. എസ്എച്ച്ഒ എ.ഫൈസലിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.
∙ തട്ടിപ്പിനിരയായത് വാകത്താനം നാലുന്നാക്കൽ സ്വദേശികളായ ദമ്പതികൾ
∙ പരിശോധനയിൽ 22 ലക്ഷം രൂപ അക്കൗണ്ടിൽ വന്നതായി പൊലീസ് കണ്ടെത്തി