സിപിഎം നേതാക്കളുടെ സ്മൃതിമണ്ഡപങ്ങൾക്കു നേരെ രാസലായനി പ്രയോഗം
Mail This Article
കണ്ണൂർ∙പയ്യാമ്പലത്തു സിപിഎം നേതാക്കളുടെ സ്മൃതിമണ്ഡപങ്ങളിൽ സാമൂഹികവിരുദ്ധർ രാസലായനി ഒഴിച്ചു. ഇ.കെ.നായനാർ, കോടിയേരി ബാലകൃഷ്ണൻ, ചടയൻ ഗോവിന്ദൻ, ഒ.ഭരതൻ എന്നിവരുടെ സ്മൃതികുടീരങ്ങളിലാണു ലായനി ഒഴിച്ചു വികൃതമാക്കിയത്. ഇന്നലെ രാവിലെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ചരമദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയ്ക്കെത്തിയവരാണ് ഇതാദ്യം കണ്ടത്.
തുടർന്നു സിപിഎം നേതാക്കളെ വിവരമറിയിച്ചു. കോടിയേരി ബാലകൃഷ്ണന്റെ സ്മൃതികുടീരത്തിലെ ചിത്രത്തിലടക്കം കറ പിടിച്ചിട്ടുണ്ട്. വെള്ളമൊഴിച്ചു കഴുകിയെങ്കിലും കറ നീക്കാനായില്ല. സിപിഎം ജില്ലാ സെക്രട്ടറി ടി.വി.രാജേഷിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു. അന്വേഷണത്തിന് ടൗൺ എസിപി സിബി ടോമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാർ നിയോഗിച്ചു.
പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താമെന്ന നിഗമനത്തിലാണ് പൊലീസ്. പക്ഷേ, കുടീരങ്ങൾക്കു സമീപത്തുള്ള ക്യാമറകളിൽനിന്നു കാര്യമായ സൂചനകൾ ലഭിച്ചിട്ടില്ല. അതിക്രമത്തിന് പിന്നിൽ രാഷ്ട്രീയമാണോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും പ്രതികളെ ഉടൻ പിടികൂടാൻ കഴിയുമെന്നാണു വിശ്വാസമെന്നും കമ്മിഷണർ പറഞ്ഞു. ഫൊറൻസിക്, ഡോഗ് സ്ക്വാഡുകൾ പരിശോധന നടത്തി. ഫൊറൻസിക് സംഘം സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. സ്മൃതികുടീരങ്ങൾക്കു പൊലീസ് സുരക്ഷയൊരുക്കി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉണ്ടായ സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നു സ്ഥലം സന്ദർശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.