ADVERTISEMENT

തിരുവനന്തപുരം ∙ നടപ്പ് സീസണിൽ നാഫെഡ് മുഖേനയുള്ള കൊപ്ര സംഭരണത്തിൽ ക്രമക്കേട് ഉണ്ടായാൽ കൃഷി ഡയറക്ടറേറ്റിലെ വിജിലൻസ് സെൽ അന്വേഷിക്കും.  കൊപ്ര നൽകുന്നത് യഥാർഥ കർഷകരാണെന്ന് ഉറപ്പാക്കിയില്ലെങ്കിൽ കൃഷി ഓഫിസർ/കൃഷി ഫീൽഡ് ഓഫിസർമാർ കുടുങ്ങും.  ഇടനിലക്കാരെ  ഒഴിവാക്കും. 

ഇതര സംസ്ഥാനങ്ങളിലെ കച്ചവടക്കാരെ നിയന്ത്രിക്കും. യഥാർഥ കർഷകരാണ് കൊപ്ര നൽകുന്നതെന്ന് ഉറപ്പാക്കേണ്ട ചുമതല സംഭരണ ഏജൻസിയായ സംഘം അല്ലെങ്കിൽ ഏജൻസിക്കാണ്. കർഷകരുടെ പശ്ചാത്തലം പരിശോധിച്ച് കൃഷി ഓഫിസർ/കൃഷി ഫീൽഡ് ഓഫിസർ എന്നിവരാണ് സാക്ഷ്യപത്രം നൽകേണ്ടത്. 

 സംഭരണച്ചുമതലയുള്ള ചില ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞ സീസണിൽ  ആരോപണമുയർന്ന സാഹചര്യത്തിലാണ് വിജിലൻസ് സെല്ലിനെ ചുമതലപ്പെടുത്തിയത്. ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയാൽ സംഭരണ ചുമതലയുള്ള ഉദ്യോഗസ്ഥരെ മാറ്റും. 

ഏതെങ്കിലും സംഘങ്ങളിൽ നേരത്തെ സംഭരിച്ച കൊപ്രയിൽ സ്റ്റോക്ക് ബാക്കി വന്നാൽ, അതിന് താങ്ങുവില പ്രകാരമുള്ള പുതിയ നിരക്ക് നൽകേണ്ടതില്ലെന്നും കൃഷി വകുപ്പ് തീരുമാനിച്ചു. 

പുതുതായി 15 കേന്ദ്രങ്ങൾ കൂടി

കൊപ്ര സംഭരണത്തിന് 15 പുതിയ കേന്ദ്രങ്ങൾ കൂടി കൃഷി വകുപ്പ് ഇത്തവണ തുടങ്ങും. വടക്കൻ കേരളത്തിലാണ് ഭൂരിഭാഗം കേന്ദ്രങ്ങളും.  കഴിഞ്ഞ വർഷം 69 കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. കലക്ടർ ചെയർമാനായ ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയാണ് പുതിയ സംഭരണ കേന്ദ്രങ്ങൾ‌ നിശ്ചയിക്കുക.  ഏപ്രിൽ ഒന്നു മുതൽ മൂന്നു മാസത്തേക്ക്  മില്ലി‍ങ് കൊപ്ര ക്വിന്റലിന് 11,160 രൂപയ്ക്കും ഉണ്ട കൊപ്ര ക്വിന്റലിന് 12,000 രൂപയ്ക്കുമാണ് നാഫെഡ് മുഖേന കേരളത്തിൽ നിന്ന് സംഭരിക്കുക.

English Summary:

Vigilance cell will conduct investigation in case of irregularity in copra procurement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com