മസാല ബോണ്ട് മുഴുവൻ തുകയും കിഫ്ബി തിരിച്ചടച്ചു; സമാഹരിച്ചത് 2150 കോടി
Mail This Article
തിരുവനന്തപുരം ∙ മസാല ബോണ്ടിന്റെ പേരിൽ വിവാദം തുടരുന്നതിനിടെ, ബോണ്ട് ഇറക്കി സമാഹരിച്ച 2150 കോടി രൂപയും കിഫ്ബി തിരിച്ചടച്ചു. ബുധനാഴ്ചയാണു കാലാവധി പൂർത്തിയായതിനെ തുടർന്നു തുക തിരിച്ചടച്ചത്.
മസാല ബോണ്ട് ഇറക്കിയ ആദ്യ സംസ്ഥാന ഏജൻസിയായിരുന്നു കിഫ്ബി. ബോണ്ടിൽ ക്രമക്കേട് ആരോപിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്കിന് എതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസ് പുരോഗമിക്കുന്നതിനിടെയാണ് തുക മുഴുവനായി തിരിച്ചടച്ചത്.
കേസിൽ പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥി കൂടിയായ ഐസക്കിന് ഏഴാം തവണയും ഇഡി സമൻസ് അയച്ചിട്ടുണ്ട്. 2019 മേയിൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് വഴിയാണു കിഫ്ബി മസാല ബോണ്ടിലൂടെ പണം സമാഹരിച്ചത്. വിദേശ നിക്ഷേപകരിൽ നിന്ന് പ്രാദേശിക കറൻസിയിൽ നിക്ഷേപം സ്വരൂപിക്കുന്നതിനുള്ള കടപ്പത്രങ്ങളാണ് മസാല ബോണ്ട് എന്ന് അറിയപ്പെടുന്നത്. അതിനിടെ, 9.10% പലിശയ്ക്ക് ബോണ്ടിറക്കി 620 കോടി രൂപ സമാഹരിക്കാൻ കിഫ്ബി നടപടി ആരംഭിച്ചിട്ടുണ്ട്.