കേബിളിൽ കുരുങ്ങി വിദ്യാർഥിയുടെ കൈവിരലിനു പരുക്ക്
Mail This Article
കൊച്ചി ∙ താഴ്ന്നുകിടന്ന കേബിളിൽ കരുങ്ങി കൊച്ചി കറുകപ്പള്ളിയിൽ പ്ലസ് ടു വിദ്യാർഥിയുടെ കൈവിരലിനു ഗുരുതര പരുക്ക്. കൊച്ചി കറുകപ്പള്ളി മഠത്തിപ്പറമ്പിൽ വീട്ടിൽ ഷാഫിയുടെ മകൻ അബുൽ ഹസനാണ് (17) അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെ കറുകപ്പിള്ളി ഐ.വി.പ്ലാസ്റ്റിക്കിനു സമീപത്തായിരുന്നു അപകടം. അബുൽ ഹസൻ സൈക്കിളിൽ വരവെ, താഴ്ന്നുകിടന്ന കേബിളിൽ സൈക്കിൾ ഹാൻഡിൽ കുരുങ്ങുകയായിരുന്നു.
ഇടതു കൈവിരലിലെ മോതിരത്തിലേക്കും കേബിൾ ചുറ്റിയതോടെ വിരലിലെ തൊലിയും മാംസവും ഉൾപ്പെടെ അടർന്നുനീങ്ങി. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പിതാവും സുഹൃത്തും ചേർന്ന് ഉടൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കൈവിരലിൽ ശസ്ത്രക്രിയ നടത്തി.ശസ്ത്രക്രിയയ്ക്കു ശേഷം വീട്ടിലെത്തിയ അബുൽ ഹസൻ വിശ്രമത്തിലാണ്. തുടർ ചികിത്സ വേണ്ടിവരും.
പെട്ടെന്നു കാണാൻ കഴിയാത്ത രീതിയിലാണു കേബിൾ കിടന്നിരുന്നതെന്നും സംഭവത്തിൽ പരാതി നൽകുമെന്നും പിതാവ് ഷാഫി പറഞ്ഞു. കറുകപ്പള്ളി നാഷനൽ പബ്ലിക് സ്‌കൂളിലെ വിദ്യാർഥിയാണ് അബുൽ ഹസൻ. അപകട വിവരമറിഞ്ഞ്, കറുകപ്പള്ളിയിലെ പൊട്ടിവീണ കേബിളുകൾ അധികൃതരെത്തി നീക്കി. കൊച്ചിയിലെ കേബിൾ കുരുക്കിൽപ്പെട്ട് ഒട്ടേറെപ്പേർ അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഹൈക്കോടതി ഉൾപ്പെടെ ഇടപെട്ടിട്ടും കേബിൾ കുരുക്കിനു ശാശ്വത പരിഹാരം കണ്ടെത്താനായിട്ടില്ല.