റേഷൻ കാർഡ് മസ്റ്ററിങ് നടത്താനാകാതെ 90% പേരും
Mail This Article
തിരുവനന്തപുരം ∙ മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങളുടെ ഇ–കെവൈസി മസ്റ്ററിങ് നടത്താൻ കേന്ദ്രം നിർദേശിച്ച കാലാവധി ഇന്നലെ അവസാനിച്ചു. കേരളത്തിലെ 1.54 കോടി അംഗങ്ങളിൽ 10% പോലും മസ്റ്ററിങ് നടത്തിയിട്ടില്ല. കഴിഞ്ഞ മാസം 15ന് മസ്റ്ററിങ് നടത്താൻ ശ്രമിച്ചെങ്കിലും ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ–പോസ്) സംവിധാനത്തിലെ തകരാർ കാരണം അന്നു തന്നെ നിർത്തുകയായിരുന്നു. മേയ് 31 വരെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ടു സംസ്ഥാന ഭക്ഷ്യവകുപ്പ് കേന്ദ്രത്തിന് ഒന്നിലധികം തവണ കത്തയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. കേന്ദ്രം നിർദേശിച്ച കാലാവധി കഴിഞ്ഞെങ്കിലും റേഷൻ കാർഡ് ഉടമകൾക്ക് റേഷൻ വിഹിതം നഷ്ടമാകില്ലെന്നു ഭക്ഷ്യ വകുപ്പ് പറയുന്നു. റേഷൻ വിഹിതം തട്ടിപ്പു നടത്തുന്നതു തടയാനാണ് അംഗങ്ങളെല്ലാം ജീവിച്ചിരിപ്പുണ്ടെന്നു തെളിയിക്കുന്നതിന് നേരിട്ട് റേഷൻ കടയിലെത്തി ഇ–പോസ് മെഷീനിൽ വിരൽ പതിപ്പിച്ച് മസ്റ്ററിങ് നടത്താൻ കേന്ദ്രം നിർദേശിച്ചത്.
ആധാർ – റേഷൻ ബന്ധിപ്പിക്കൽ: സമയം അവസാനിച്ചു
ന്യൂഡൽഹി ∙ റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു. കേരളത്തിൽ ഭൂരിഭാഗം ഗുണഭോക്താക്കളും ആധാറും റേഷൻ കാർഡും ബന്ധിപ്പിച്ചിട്ടുണ്ട്.