‘അപകടം മനഃപൂർവം സൃഷ്ടിച്ചത്, ഹാഷിം ഭീഷണിപ്പെടുത്തി ബലമായി കൊണ്ടുപോയി’: അനുജയുടെ പിതാവ് പരാതി നൽകി
Mail This Article
അടൂർ ∙ ഏഴംകുളം പട്ടാഴിമുക്കിൽ ലോറിയിലേക്ക് കാർ ഇടിച്ചു കയറിയുണ്ടായ അപകടം മകളെ കൊലപ്പെടുത്താൻ വേണ്ടി മനഃപൂർവം സൃഷ്ടിച്ചതാണെന്നു സംശയമുള്ളതിനാൽ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അപകടത്തിൽ മരിച്ച അനുജയുടെ പിതാവ് നൂറനാട് പൊലീസിൽ പരാതി നൽകി.
ഹാഷിം മകളെ ഭീഷണിപ്പെടുത്തി ബലമായാണ് കുളക്കടയിൽനിന്ന് കാറിൽ കയറ്റിക്കൊണ്ടുപോയത്. അമിത വേഗത്തിൽ ലോറിക്ക് മുന്നിലേക്ക് കാർ ഓടിച്ചുകയറ്റി മകളെ കൊലപ്പെടുത്തുകയായിരുന്നെന്നും അനുജയുടെ പിതാവ് രവീന്ദ്രൻ പരാതിയിൽ പറയുന്നു.
അപകടവുമായി ബന്ധപ്പെട്ട കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത് അടൂർ പൊലീസ് സ്റ്റേഷനിലായതിനാൽ നൂറനാട് പൊലീസിനു ലഭിച്ച പരാതി അടൂർ പൊലീസിനു കൈമാറി. മരിച്ച അധ്യാപിക അനുജയുടെയും സുഹൃത്ത് ഹാഷിമിന്റെയും ഫോൺ കോളുകൾ കൂടാതെ ബാങ്ക് അക്കൗണ്ടും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന് അറിയാനാണ് ബാങ്ക് അക്കൗണ്ട് പരിശോധിക്കുന്നത്.
ലോറിയിലേക്ക് മനഃപൂർവം കാറിടിച്ചു കയറ്റിയതാണെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് ഹരിയാന സ്വദേശിയായ ലോറി ഡ്രൈവറെ ഇതുമായി ബന്ധപ്പെട്ട കേസിൽ നിന്ന് ഒഴിവാക്കിയതായി പൊലീസ് പറഞ്ഞു. അപകടം നടന്ന സമയത്ത് ലോറി ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തിരുന്നു.