സതീശനെതിരായ ആരോപണം: അന്വേഷണം ആവശ്യമില്ലെന്ന് വിജിലൻസ്
Mail This Article
തിരുവനന്തപുരം∙ സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ 150 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ഹർജിയിൽ ഒരു അന്വേഷണത്തിന്റെയും ആവശ്യമില്ലെന്നു വിജിലൻസ് അഭിഭാഷകൻ കോടതിയെ അറിയിച്ചു. ആരോപണ ഹർജിയിൽ ശനിയാഴ്ച വിജിലൻസ് കോടതി വിധി പറയും.
ഹർജിയിൽ ഇന്നലെ വാദം പൂർത്തിയായി. കോടതി നിർദേശത്തെത്തുടർന്നു വിജിലൻസ് അഭിഭാഷകൻ ഇന്നലെ റിപ്പോർട്ട് സമർപ്പിച്ചു. പരാതിയുമായി ബന്ധപ്പെട്ടു വിജിലൻസ് അന്വേഷണം നടത്തിയിട്ടില്ല. പി.വി.അൻവർ എംഎൽഎ ആരോപണം ഉന്നയിച്ചതു നിയമസഭയിലാണ്. പരാതിക്കാരനു മാധ്യമ വാർത്തകൾ അല്ലാതെ മറ്റു വിവരങ്ങളില്ല.
തിരഞ്ഞെടുപ്പു ഫണ്ടിനു വേണ്ടിയാണു കോർപറേറ്റുകളിൽ നിന്നു പണം വാങ്ങിയതെങ്കിൽ അതു തിരഞ്ഞെടുപ്പു കമ്മിഷനാണ് അന്വേഷിക്കേണ്ടത്. അതിനും തെളിവില്ല. അതിനാൽ ഈ കേസിൽ അന്വേഷണം ആവശ്യമില്ല. നിയമസഭാ സാമാജികർക്കു പ്രത്യേക അധികാരമോ പരിരക്ഷയോ ഉണ്ടോയെന്നു വ്യക്തത വരുത്തണം. അതിനാൽ, ലഭിച്ച പരാതി വിജിലൻസ് ഡയറക്ടർ സർക്കാരിനു കൈമാറിയെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണിത്.
എന്നാൽ അഴിമതിക്കേസുകളിൽ ഇത്തരം നിയമപ്രശ്നം ഉണ്ടാകില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ഈ ആരോപണവുമായി ബന്ധപ്പെട്ടു കൂടുതൽ തെളിവുണ്ടോയെന്നു പരാതിക്കാരനായ എ.എച്ച്.ഹഫീസിനോടു കോടതി ചോദിച്ചു. വിജിലൻസ് കോടതിയിൽ പരാതി നൽകുന്നതിനു നിയമസഭാ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്നും പറഞ്ഞു. അൻവറിന്റെ ആരോപണത്തിൽ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാണു പരാതിക്കാരന്റെ ആവശ്യം.