ചട്ടലംഘനം: മന്ത്രി റിയാസിന് കലക്ടറുടെ നോട്ടിസ്, തടഞ്ഞുവയ്ക്കപ്പെട്ട വിഡിയോഗ്രഫറിൽനിന്ന് കമ്മിഷൻ മൊഴിയെടുത്തു
Mail This Article
കോഴിക്കോട് ∙ കായിക സംവാദത്തിലെ പ്രസംഗത്തിൽ പുതിയ രാജ്യാന്തര സ്റ്റേഡിയം സംബന്ധിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നടത്തിയ അറിയിപ്പു പ്രഥമദൃഷ്ട്യാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി കലക്ടർ സ്നേഹിൽ കുമാർ സിങ് നോട്ടിസ് നൽകി. മലയാള മനോരമ, ദേശാഭിമാനി പത്രങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണു നടപടി. പെരുമാറ്റച്ചട്ടങ്ങളിൽ ‘നിർമാണപ്രവൃത്തികൾ നടത്താമെന്നു വാഗ്ദാനം ചെയ്യരുത്’ എന്ന ചട്ടം ലംഘിച്ചതായാണ് നോട്ടിസിലുള്ളത്.
തടഞ്ഞുവയ്ക്കപ്പെട്ട വിഡിയോഗ്രഫറിൽനിന്ന് കമ്മിഷൻ മൊഴിയെടുത്തു
കോഴിക്കോട് ∙ കഴിഞ്ഞ വർഷം നവംബറിൽ മന്ത്രി വി.അബ്ദുറഹ്മാൻ കോഴിക്കോട്ടെ സ്റ്റേഡിയം നിർമാണം തിരുവനന്തപുരത്തു പ്രഖ്യാപിച്ചിരുന്നതാണെന്നും ഇതുസംബന്ധിച്ച് 3 യോഗങ്ങൾ ഇതിനകം നടന്നുകഴിഞ്ഞെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കലക്ടറുടെ നോട്ടിസ് കിട്ടിയിട്ടില്ല. കിട്ടിയാൽ മറുപടി നൽകുമെന്നും അറിയിച്ചു. 7 ദിവസത്തിനകമാണു മറുപടി നൽകേണ്ടത്. മന്ത്രിയുടെ പ്രസംഗം ചിത്രീകരിക്കുമ്പോൾ തിരഞ്ഞെടുപ്പു കമ്മിഷന്റെ വിഡിയോഗ്രഫറെ സ്ഥാനാർഥി എളമരം കരീമും മറ്റും ചേർന്ന് പിടിച്ചു മാറ്റിക്കൊണ്ടുപോയതു സംബന്ധിച്ച് വിവാദം രൂക്ഷമാകുകയാണ്. വിഡിയോഗ്രഫറിൽനിന്നു തിരഞ്ഞെടുപ്പു കമ്മിഷൻ ഉദ്യോഗസ്ഥർ വിശദീകരണം എഴുതിവാങ്ങി. ചിത്രീകരണം തടസ്സപ്പെടുത്തിയതായി വിഡിയോഗ്രഫർ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ചുമതലയുള്ള കലക്ടറേറ്റിലെ സീനിയർ ഫിനാൻസ് ഓഫിസർ കെ.പി.മനോജൻ കലക്ടർക്കു റിപ്പോർട്ട് നൽകി. വിഡിയോഗ്രഫറിൽനിന്നു പരാതിയില്ലെന്ന് എഴുതിവാങ്ങി എന്നാണു വിവരം. ഇക്കാര്യം സീനിയർ ഫിനാൻസ് ഓഫിസർ നിഷേധിച്ചു.
വിഡിയോഗ്രഫറെ ഗ്രീൻ റൂമിൽ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തി വിഡിയോ മായ്പ്പിച്ചുകളഞ്ഞതായാണ് വിവരം. തനിക്കൊപ്പമുള്ള സർവയലൻസ് ടീം ഓഫിസർ പറയാതെ മായ്ക്കാനാവില്ലെന്നു വിഡിയോഗ്രഫർ പറഞ്ഞപ്പോൾ ആ ഉദ്യോഗസ്ഥനെക്കൂടി അകത്തേക്കു വിളിപ്പിച്ചു. ഇദ്ദേഹത്തോട് സ്ഥാനാർഥിയും തിരഞ്ഞെടുപ്പു കമ്മിറ്റി കൺവീനറും തട്ടിക്കയറിയെന്നും കയ്യേറ്റത്തോളമെത്തിയെന്നുമാണ് അറിയുന്നത്. അരമണിക്കൂർ കഴിഞ്ഞാണ് ഇരുവരെയും പുറത്തുവിട്ടത്.