ADVERTISEMENT

അലകളൊഴിയാത്ത കടലാണു ലക്ഷദ്വീപ് രാഷ്ട്രീയം. പ്രകൃതിദത്ത വെല്ലുവിളികൾ ജനങ്ങൾക്കു ശീലമാണ്. എന്നാൽ പുറത്തുനിന്ന് സൃഷ്ടിക്കുന്ന അനിശ്ചിതത്വം ദ്വീപു ജനതയെ വലയ്ക്കാൻ തുടങ്ങിയിട്ടു കുറച്ചു കാലമായി. നിലവിലെ അഡ്മിനിസ്ട്രേറ്റർ ചുമതലയേറ്റ ശേഷം നടപ്പാക്കിയ നയങ്ങളെച്ചൊല്ലിയുള്ള ദ്വീപുകാരുടെ പ്രതിഷേധങ്ങൾ പുറമേക്കു കെട്ടടങ്ങിയെങ്കിലും ഉള്ളിൽ കനലുകൾ നീറുന്നുണ്ട്. 

എന്തുകൊണ്ടും ദ്വീപിന് ഇതു നിർണായക തിരഞ്ഞെടുപ്പാണ്. അതുകൊണ്ടാണു വൻകരയിൽ തിരഞ്ഞെടുപ്പു രംഗം ചൂടു പിടിച്ചു തുടങ്ങുന്ന സമയത്തും ദ്വീപിൽ തിരഞ്ഞെടുപ്പുചൂടു മൂർധന്യത്തിലെത്തി നിൽക്കുന്നത്. 

എൻസിപി ശരദ്പവാർ പക്ഷക്കാരനായ നിലവിലെ എംപി പി.പി.മുഹമ്മദ് ഫൈസൽ ഇക്കുറി ചിഹ്നം മാറിയാണു മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിലും വിജയം സമ്മാനിച്ച ‘ഘടികാരം’ എൻസിപി ദേശീയതലത്തിലെ പിളർപ്പു മൂലം കൈവിട്ടപ്പോൾ ‘കാഹളം മുഴക്കുന്ന മനുഷ്യനാണു’ പുതിയ ചിഹ്നമായി അനുവദിക്കപ്പെട്ടത്. കേസിൽ പ്രതിയായതിനെത്തുടർന്നു 2 തവണ അയോഗ്യനാക്കപ്പെടുകയും സുപ്രീം കോടതി ഇടപെട്ടതോടെ തിരികെയെത്തുകയും ചെയ്ത ഫൈസൽ മൂന്നാമങ്കത്തിനിറങ്ങുന്നത് ശുഭാപ്തി വിശ്വാസത്തോടെയാണ്.  

ലക്ഷദ്വീപിനെ 10 തവണ പാർലമെന്റിൽ പ്രതിനിധീകരിച്ച പി.എം.സയീദിന്റെ മകനും മുൻ എംപിയുമായ ഹംദുള്ള സയീദാണു കോൺഗ്രസ് സ്ഥാനാർഥി. കൈപ്പത്തി ചിഹ്നത്തിലാണു മത്സരം. 2009ലെ വിജയത്തിനു ശേഷം കഴിഞ്ഞ 2 തവണയും മത്സരിച്ചെങ്കിലും പരാജയം രുചിച്ച ഹംദുള്ള ഇക്കുറി വളരെ നേരത്തെ തന്നെ മണ്ഡലത്തിൽ സജീവമായി. പ്രചാരണം ഏതാണ്ട് 6 മാസം മുൻപു തന്നെ ആരംഭിച്ചു. 

ഹംദുള്ള ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലും പലവട്ടം സന്ദർശനം പൂർത്തിയാക്കിക്കഴിഞ്ഞു. വലിയ സ്വീകരണയോഗങ്ങളും റാലികളുമെല്ലാമായി ദ്വീപിനെ ഇളക്കിമറിച്ചുള്ള പ്രചാരണമാണ് ഇക്കുറി. വീടുകയറിയുള്ള പ്രചാരണവും ഊർജിതമായി തുടരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 823 വോട്ടുകൾക്കാണു ഹംദുള്ള പരാജയപ്പെട്ടത്.

കടമത്ത് സ്വദേശിയും മതപണ്ഡിതനുമായ ടി.പി.യൂസുഫിനെയാണു എൻസിപി (അജിത് പവാർ) വിഭാഗം ദ്വീപ് പിടിച്ചെടുക്കാനായി രംഗത്തിറക്കിയിരിക്കുന്നത്. എൻസിപിയുടെ ഘടികാരം ചിഹ്നത്തിലാണു മത്സരം. ദേശീയതലത്തിൽ എൻസിപി അജിത് പവാർ പക്ഷവും ബിജെപിയും ചേർന്നാണു മത്സരമെങ്കിലും ദ്വീപിൽ എൻസിപി തനിച്ചാണു തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നു സ്ഥാനാർഥി പറയുന്നു. മതാധ്യാപകനായതിനാൽ എല്ലാ ദ്വീപുകളിലും വലിയ ശിഷ്യസഞ്ചയം യൂസുഫിനുണ്ട്.  

57,784 വോട്ടർമാരാണു ലക്ഷദ്വീപിലുള്ളത്. പഠനത്തിനും ജോലി ആവശ്യങ്ങൾക്കുമായി ഒട്ടേറെപ്പേർ ദ്വീപിനു പുറത്തായിരിക്കുമെന്നതിനാൽ ഇതിൽ ഏകദേശം 48,000 വോട്ടുകൾ മാത്രമാണു മിക്കപ്പോഴും പോൾ ചെയ്യാറുള്ളത്. ഏറ്റവും കൂടുതൽ വോട്ടർമാർ ആന്ത്രോത്തിലാണ്, 10,668 പേർ. ബിത്ര ദ്വീപിലാണ് ഏറ്റവും കുറവു വോട്ടർമാർ– 237 പേർ.

English Summary:

Loksabha election 2024 lakshadweep analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com