പേരു മുതൽ താടി വരെ; രാഷ്ട്രീയത്തിനപ്പുറത്തെ സൗഹൃദം പങ്കിട്ട പാലക്കാട് മണ്ഡലത്തിലെ മുന്നണി സ്ഥാനാർഥികൾ
Mail This Article
പാലക്കാട്∙ രാഷ്ട്രീയത്തിനപ്പുറത്തെ സൗഹൃദത്തെക്കുറിച്ചു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ എ.വിജയരാഘവനും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറും പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണു സിറ്റിങ് എംപി വി.കെ.ശ്രീകണ്ഠൻ എത്തിയത്.
മുതിർന്ന നേതാവായ എ.വിജയരാഘവനെ കാത്തിരിപ്പിച്ചതിന് ആദ്യം തന്നെ അദ്ദേഹം ക്ഷമാപണം നടത്തി. വാച്ച് കെട്ടാത്തതിനാൽ, സമയം പോകുന്നതു പലപ്പോഴും ശ്രീകണ്ഠൻ അറിയാറില്ലെന്ന് എതിർസ്ഥാനാർഥികളുടെ കമന്റ്! മലയാള മനോരമ നടത്തിയ പോൾ കഫേ ചർച്ചയിൽ പാലക്കാട്ടെ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ ലോക്സഭാ സ്ഥാനാർഥികൾ ചായയ്ക്കൊപ്പം സൗഹൃദസംഭാഷണങ്ങളുമായി ഒത്തുകൂടി.
‘ഈ ശ്രീകണ്ഠനൊക്കെ നിങ്ങൾക്കു സീറ്റ് കൊടുത്തു കൂടേ?’ എന്നു വർഷങ്ങൾക്കു മുൻപത്തെ ഒരു ട്രെയിൻ യാത്രയിൽ കോൺഗ്രസ് നേതാക്കളോട്, സിപിഎം നേതാവ് എ.വിജയരാഘവൻ പറഞ്ഞത് ഓർമിപ്പിച്ചുകൊണ്ടാണ് വി.കെ.ശ്രീകണ്ഠൻ സംസാരം തുടങ്ങിയത്. ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം മൂന്നു സ്ഥാനാർഥികളും ആദ്യമായി ഒത്തുചേർന്നത് മനോരമ ചർച്ചയിലാണെന്നും ഇനി ഇങ്ങനെയൊരു സന്ദർഭം ഉണ്ടാകാൻ സാധ്യതയില്ലെന്നും എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാർ പറഞ്ഞു.
പേരും പോരും
മുൻപു ജയിക്കുകയും തോൽക്കുകയും ചെയ്ത മണ്ഡലത്തിൽ വീണ്ടും ജനവിധി തേടുന്ന എ.വിജയരാഘവനു പങ്കുവയ്ക്കാൻ ഒട്ടേറെ തിരഞ്ഞെടുപ്പു കൗതുകങ്ങളുണ്ടായിരുന്നു.1989ൽ യുഡിഎഫ് സ്ഥാനാർഥി കോൺഗ്രസിലെ വി.എസ്.വിജയരാഘവനെതിരെയാണ് അദ്ദേഹം മത്സരിച്ചത്. സ്ഥാനാർഥികളുടെ പേരിലെ സാമ്യം ആ തിരഞ്ഞെടുപ്പ് ഏറെ കൗതുകമുള്ളതാക്കി. പിന്നീടു പലപ്പോഴും വി.എസ്.വിജയരാഘവനു വന്ന ഫോൺ കോളുകളും കത്തുകളും തനിക്കാണു ലഭിച്ചിരുന്നതെന്ന് അദ്ദേഹം ഓർത്തെടുത്തു.
ഇത്തവണ താടിനയം വേറെ
ശ്രീകണ്ഠനു പറയാനുണ്ടായിരുന്നത്, തന്റെ താടിക്കഥയായിരുന്നു. തന്നെ ശാരീരികമായി ഉപദ്രവിച്ച ഇടതുപക്ഷത്തെ തോൽപ്പിച്ചിട്ടേ താടി എടുക്കുകയുള്ളൂ എന്ന കോളജ് കാലത്തെ പ്രതിജ്ഞ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു ഫലം വന്നപ്പോഴാണു നിറവേറ്റിയത്. എന്നാൽ, ഇത്തവണ ജയിച്ചാലും തോറ്റാലും താടി എടുക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പോസ്റ്ററിലെ രണ്ടക്ഷരം
സി.കൃഷ്ണകുമാർ ഈ വർഷം ‘സികെ’ എന്ന പേരിൽ തിരഞ്ഞെടുപ്പിനെ നേരിടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനു താൻ പാർട്ടിയിൽ അങ്ങനെയാണ് അറിയപ്പെടുന്നതെന്നായിരുന്നു മറുപടി. സംഘടനയിലെ അടുത്ത സുഹൃത്തുക്കളുടെ ആവശ്യപ്രകാരമാണ് ‘സികെ’ എന്ന പേരിൽ പോസ്റ്ററുകൾ ഇറക്കിയതെന്നും അദ്ദേഹം പറഞ്ഞു.
പരസ്പരമുള്ള കുറ്റപ്പെടുത്തലുകളോ വ്യക്തിഹത്യയോ തങ്ങൾ നടത്തില്ലെന്നും തിരഞ്ഞെടുപ്പിൽ ആശയപരമായ പോരാട്ടമാണു പ്രധാനമെന്നും മൂവരും നയം വ്യക്തമാക്കി.
ചൂടിന്റെ പൂരം
തിരഞ്ഞെടുപ്പു പ്രചാരണം കഠിനമാക്കുന്ന പാലക്കാട്ടെ മീനച്ചൂടിനെക്കുറിച്ചു 3 സ്ഥാനാർഥികളും വാചാലരായി. ചൂടാണെന്നു പറഞ്ഞു മാറിനിൽക്കാനാവില്ലല്ലോ. ചൂടു കൂസാക്കാതെ രണ്ടും മൂന്നും വട്ടം പര്യടനം പൂർത്തിയാക്കി. വേലകളിലും പൂരങ്ങളിലും മയങ്ങി നിൽക്കുന്ന നാടിന്റെ ശ്രദ്ധ തിരഞ്ഞെടുപ്പുപൂരത്തിലേക്ക് എത്തിക്കുന്നത് എളുപ്പമല്ലെന്നു സ്ഥാനാർഥികൾ.എന്നാൽ നാട്ടുകാരെ കൂട്ടത്തോടെ കാണാനും വോട്ടുചോദിക്കാനും കഴിയുന്നതിന്റെ സന്തോഷം വേറെ. കാർഷിക പാക്കേജ്, വിമാനത്താവളം, ശുദ്ധജലക്ഷാമം, റെയിൽവേ വികസനം തുടങ്ങി ഒട്ടേറെ വാഗ്ദാനങ്ങളുമായാണു പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ മൂന്നു മുന്നണി സ്ഥാനാർഥികളും തിരഞ്ഞെടുപ്പിനെ നേരിടുന്നത്.