ADVERTISEMENT

തിരുവനന്തപുരം ∙ അരുണാചലിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ 3 പേരും ഏറെ നാളുകളായി പ്രത്യേക മാനസികാവസ്ഥയിൽ ആയിരുന്നെന്നു പൊലീസ്. മരണാനന്തര ജീവിതത്തെക്കുറിച്ചായിരുന്നു ചിന്ത. വീട്ടുകാർക്കും ചില സംശയങ്ങൾ തോന്നിയിരുന്നു. എന്നാൽ‌, ആരോടും മനസ്സുതുറക്കാത്ത വിധമായിരുന്നു മൂവരുടെയും പെരുമാറ്റം. ഏതാനും മാസങ്ങളായി ആരോടും ഇടപഴകാത്ത തരത്തിലായിരുന്നു ജീവിതം.

വട്ടിയൂർക്കാവ് സ്വദേശി ആര്യ ബി.നായർ (29), ആയുർവേദ ഡോക്ടർമാരായ കോട്ടയം മീനടം സ്വദേശി നവീൻ തോമസ് (39), ഭാര്യ വട്ടിയൂർക്കാവ് കാവിൽ ദേവി (41) എന്നിവരെയാണു ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

‘എന്റെ ബന്ധുവാണു ദേവി. വിദ്യാസമ്പന്നരാണു ബ്ലാക്ക് മാജിക്കിന്റെ കെണിയിൽ പെട്ടത്. ഇതു ഗുരുതരമായി കാണണം. തിരുവനന്തപുരത്തും ബ്ലാക്ക് മാജിക്ക് സംഘങ്ങൾ ഉണ്ട്’. 

മരണാനന്തരജീവിതത്തെക്കുറിച്ച് അന്വേഷിക്കുന്നവരുടെ കൂട്ടായ്മ കേരളത്തിൽ തന്നെയുണ്ടെന്നു പൊലീസ് സംശയിക്കുന്നു. ഇവർ വെബ്സൈറ്റിൽ തിരഞ്ഞ കാര്യങ്ങൾ സൈബർ വിഭാഗം പരിശോധിച്ചപ്പോഴാണ് ഇതു സംബന്ധിച്ചു സൂചന ലഭിച്ചത്. മരണാനന്തരജീവിതം വിശദമാക്കുന്ന ഒട്ടേറെ യുട്യൂബ് വിഡിയോകളും ഇവർ കണ്ടിരുന്നു. കൺവൻഷനു പോകുന്നുവെന്നു പറഞ്ഞാണു നവീനും ദേവിയും വീട്ടിൽനിന്നു പോയത്. തിരുവനന്തപുരത്തുനിന്ന് ആര്യയെ കൂട്ടി വിമാനമാർഗം അരുണാചലിലേക്കു പോകുകയായിരുന്നു.  

‘ദേവിയും നവീനും വളരെ സന്തോഷത്തോടെയാണു ജീവിച്ചത്. കോട്ടയത്തു നവീന്റെ വീട്ടിലാണു ദേവി താമസിച്ചിരുന്നത്. വല്ലപ്പോഴും മാത്രമാണു തിരുവനന്തപുരത്തു വന്നിരുന്നത്’.  

തിരുവനന്തപുരം ആയുർവേദ കോളജിൽ സഹപാഠികളായിരുന്ന നവീനും ദേവിയും 13 വർഷം മുൻപാണു വിവാഹിതരായത്. ഏറെനാൾ വിവിധ സ്ഥാപനങ്ങളിൽ ആയുർവേദ ഡോക്ടർമാരായിരുന്ന ഇരുവരും പിന്നീട് ജോലി ഉപേക്ഷിച്ചു. നവീൻ കേക്ക് ബിസിനസ് ആരംഭിച്ചു. ജർമൻ ഭാഷ പഠിച്ച് ദേവി സ്കൂളിൽ ടീച്ചറായപ്പോഴാണു സഹാധ്യാപിക ആര്യയെ പരിചയപ്പെടുന്നത്.  

English Summary:

Police said that the 3 persons found dead in the hotel room in Arunachal had been in a special state of mind for a long time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com