പത്തനംതിട്ട, കോട്ടാങ്ങൽ പഞ്ചായത്ത്: സിപിഎം ഭരണം എസ്ഡിപിഐക്കൊപ്പം
Mail This Article
പത്തനംതിട്ട ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചതിനെ എൽഡിഎഫ് വിമർശിക്കുന്നു, അതേസമയം പത്തനംതിട്ടയിൽ രണ്ടിടത്ത് എസ്ഡിപിഐ പിന്തുണയോടെ സിപിഎം ഭരണം നടത്തുന്നു. പത്തനംതിട്ട നഗരസഭയിലും കോട്ടാങ്ങൽ പഞ്ചായത്തിലും ആണ് പരസ്പര സഹകരണത്തോടെ ഭരണം നടക്കുന്നത്.
പത്തനംതിട്ട നഗരസഭയിൽ എസ്ഡിപിഐക്ക് 3 അംഗങ്ങളുണ്ട്. എസ്.ഷമീർ, എസ്.ഷൈലജ, ഷീല സത്താർ എന്നിവർ. കൂടാതെ എസ്‌ഡിപിഐ പിന്തുണയോടെ ജയിച്ച സ്വതന്ത്ര ആമിന ഹൈദരാലിയുമുണ്ട്. നഗരസഭ ഉപാധ്യക്ഷയായി ആമിന ഹൈദരാലിയെയും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനായി എസ്.ഷമീറിനെയും ഉൾപ്പെടുത്തിയാണ് നഗരസഭയിൽ എൽഡിഎഫ് ഭരണം പിടിച്ചത്. സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം എസ്ഡിപിഐക്ക് ഉറപ്പാക്കിയാണ് വിവിധ കമ്മിറ്റികളിലേക്ക് അംഗങ്ങളെ നിശ്ചയിച്ചത്. ഭൂരിപക്ഷം കിട്ടാൻ എസ്ഡിപിഐയുടെ 3 പേരെയും ഇതിനായി വിദ്യാഭ്യാസ സ്ഥിരം സമിതിയിൽ അംഗമാക്കി.
കക്ഷിനില: കോൺഗ്രസ് 13, സിപിഎം 10, എസ്ഡിപിഐ 3, കേരള കോൺഗ്രസ് (എം) 2, സിപിഐ ഒന്ന്, എസ്ഡിപിഐ പിന്തുണയോടെ വിജയിച്ച ആമിന ഉൾപ്പെടെ സ്വതന്ത്രർ 3.
കോട്ടാങ്ങൽ പഞ്ചായത്തിൽ സിപിഎം ഭരണമാണ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ എസ്ഡിപിഐയുടെ വോട്ട് സിപിഎമ്മിനു കിട്ടി. 2 തവണ അവർ സ്ഥാനം രാജിവച്ചു. മൂന്നാം തവണയും എസ്ഡിപിഐ സിപിഎമ്മിനെ പിന്തുണച്ചു. തൃശൂർ ജില്ലയിലെ ആവണീശ്വരം പഞ്ചായത്തിൽ ഇതേ സാഹചര്യത്തിൽ മൂന്നാം തവണയും രാജിവച്ചപ്പോൾ രണ്ടാം കക്ഷിക്ക് കോടതി വിധിപ്രകാരം പ്രസിഡന്റ് സ്ഥാനം ലഭിച്ചു. ഇതൊഴിവാക്കാനാണ് രാജിവയ്ക്കാത്തതെന്നാണ് സിപിഎം പറയുന്നത്.
കക്ഷിനില: സിപിഎം 4, സിപിഐ 1, ബിജെപി 5, കോൺഗ്രസ് 1, കേരള കോൺഗ്രസ് 1, എസ്ഡിപിഐ 1.