ADVERTISEMENT

തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ഇങ്ങോട്ടു പ്രഖ്യാപിച്ച എസ്ഡിപിഐ പിന്തുണ യുഡിഎഫ് നിരസിച്ചത് കൂട്ടായ ചർച്ചയുടെ അടിസ്ഥാനത്തിൽ. മുസ്‍ലിം ലീഗിനെ കൂടാതെ മുസ്‍ലിം സംഘടനകളെയും ഇക്കാര്യത്തിൽ വിശ്വാസത്തിലെടുത്താണ് പ്രതിപക്ഷനേതാവ് വി.ഡി.സതീശനും കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസനും നിലപാട് വ്യക്തമാക്കിയത്. യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള തീരുമാനം എസ്ഡിപിഐ പ്രഖ്യാപിച്ചപ്പോൾ തന്നെ യുഡിഎഫ് ഖണ്ഡിത നിലപാട് എടുക്കണമെന്ന അഭിപ്രായം പ്രതിപക്ഷ നേതാവ് മറ്റുള്ളവരോടു പങ്കുവച്ചിരുന്നു. അതു ലീഗുമായി കൂടി ചർച്ച ചെയ്തിട്ടു മതിയെന്നും ധാരണയായി. അതിന്റെ അടിസ്ഥാനത്തിൽ വയനാട്ടിൽ ബുധനാഴ്ച നടന്ന കൂടിയാലോചനയിലാണ്  തീരുമാനമുണ്ടായത്. പ്രതികരണം അവിടെ വച്ചുതന്നെ എഴുതി തയാറാക്കുകയും ചെയ്തു. വോട്ട് നിരസിക്കുന്നത് അനൗചിത്യമായതിനാൽ അതിൽ  തീരുമാനമെടുക്കേണ്ടത് ഓരോ വോട്ടറുമാണെന്നും പ്രസ്താവനയിൽ സ്പഷ്ടമാക്കി.

വോട്ടെടുപ്പിന് വളരെ മുൻപു തന്നെ എസ്ഡിപിഐ ഈ പ്രഖ്യാപനം നടത്തിയത് കെണിയാണോ എന്ന സംശയം യുഡിഎഫ് നേതാക്കൾക്ക് ഉണ്ടായി. അതിവേഗം സിപിഎം ഏറ്റു പിടിച്ചതും യുഡിഎഫിനെ പ്രതിരോധത്തിലാക്കാൻ നോക്കിയതും ആ സന്ദേഹം ഇരട്ടിപ്പിച്ചു. ഉത്തരേന്ത്യയിൽ ഇക്കാര്യം കോൺഗ്രസിനെതിരെ രാഷ്ട്രീയ ആയുധമാക്കാൻ ബിജെപി ശ്രമം തുടങ്ങിയെന്ന വിവരം ലഭിച്ചു. കേരളത്തിലെ പ്രചാരണ വേദിയിൽ ഇക്കാര്യം സിപിഎം തുടർച്ചയായി ഉയർത്താനിടയുണ്ടെന്നു കൂടി കണക്കിലെടുത്താണ് മുന്നണിയുടെ നിലപാട് സംശയലേശമെന്യേ വ്യക്തമാക്കാൻ തീരുമാനിച്ചത്. 

English Summary:

UDF rejected SDPI support based on their collective decision

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com