മൈക്ക് സെറ്റും അലങ്കാരങ്ങളും വാടകയ്ക്കു കൊടുക്കുന്നതു സംബന്ധിച്ച് വാക്കുതർക്കം; യുവാവ് കുത്തേറ്റ് മരിച്ചു
Mail This Article
വണ്ടിപ്പെരിയാർ ∙ മൈക്ക് സെറ്റും അലങ്കാരങ്ങളും വാടകയ്ക്കു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് മൈക്ക്സെറ്റ് കടയുടമകൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ കുത്തേറ്റു യുവാവ് മരിച്ചു. തേങ്ങാക്കൽ സ്വദേശി അശോകൻ (25) ആണു മരിച്ചത്. ശനിയാഴ്ച രാത്രി 12.30നാണു സംഭവം. അശോകന്റെ ബന്ധു കൂടിയായ തേങ്ങാക്കൽ സ്വദേശി സുബീഷിനെ (19) പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതിയായ സുബീഷിന്റെ തേങ്ങാക്കലിലെ മൈക്ക് സെറ്റ് കടയുടെ മുന്നിലാണു തർക്കം ഉണ്ടായത്. പ്രദേശത്തെ പള്ളിയിലെ പെരുന്നാളിന് അലങ്കാരലൈറ്റുകൾ വാടകയ്ക്കു കൊടുത്തതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായി. 2 പേരും മദ്യപിച്ചിരുന്നു. തർക്കത്തെത്തുടർന്നു സുബീഷ് കത്തി ഉപയോഗിച്ച് അശോകന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു.
വണ്ടിപ്പെരിയാർ പൊലീസ് സുബീഷിനെ ഉടൻ തന്നെ പിടികൂടി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചെന്നു സ്റ്റേഷൻ ഹൗസ് ഓഫിസർ ഹേമന്ദ് കുമാർ പറഞ്ഞു. എന്നാൽ വീട്ടിൽ ഉറങ്ങിക്കിടന്ന അശോകനെ മൂന്നംഗസംഘം വീട്ടിൽ നിന്നു വിളിച്ചു കൊണ്ടുപോകുകയായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു.
ഇതിനിടെ അശോകന്റെയും സുബീഷിന്റെയും ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടി. വീടുകൾക്കു നേരെയും ആക്രമണമുണ്ടായി. പ്രതി സുബീഷിന്റെ ബന്ധു അയ്യമ്മയ്ക്കു (55) പരുക്കേറ്റു. അശോകന്റെ സംസ്കാരം ഇന്ന്. ഭാര്യ: ദേവി. മകൻ: ആദവ് (6 മാസം).