ADVERTISEMENT

പാനൂർ (കണ്ണൂർ) ∙ ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പാർട്ടിയുടെ പ്രാദേശിക പ്രവർത്തകരായ 4 പേർ അറസ്റ്റിൽ. ചെറുപ്പറമ്പ് അടുങ്കുടിയവയലിൽ അടുപ്പുകൂട്ടിയപറമ്പത്ത് ഷബിൻലാൽ (27), സെൻട്രൽ കുന്നോത്തുപറമ്പിലെ കിഴക്കയിൽ അതുൽ (30), ചെണ്ടയാട് പാടാന്റതാഴ ഉറപ്പുള്ളകണ്ടിയിൽ അരുൺ (29), കുന്നോത്തുപറമ്പ് ചിറക്കരാണ്ടിമ്മൽ സായൂജ് (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

മുളിയാത്തോട്ടിലെ വീടിന്റെ ടെറസിൽ ബോംബ് നിർമാണം നടക്കുമ്പോൾ 4 പേരും സ്ഥലത്തുണ്ടായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സംസ്ഥാനം വിടാനുള്ള ശ്രമത്തിനിടെ പുലർച്ചെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽനിന്നാണ് സായൂജിനെ പിടികൂടിയത്. പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ച അരുണിനെയാണ് പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. പിന്നാലെ അതുലിനെയും ഷബിൻലാലിനെയും പിടികൂടി. രാവിലെ ഇവരുമായി മുളിയാത്തോട്ടെ വീട്ടിലെത്തിയ പൊലീസ് തെളിവെടുപ്പ് നടത്തി. ഷബിൻലാൽ നൽകിയ സൂചനപ്രകാരം നൽകിയ തിരച്ചിലിൽ വീടിന്റെ പരിസരത്തെ മതിലിലും കുറ്റിക്കാട്ടിലും ഒളിപ്പിച്ച നിലയിൽ 7 സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു.

10 പേർ ബോംബ് നിർമാണത്തിൽ പങ്കെടുത്തുവെന്നാണു പൊലീസ് നൽകുന്ന സൂചന. ഒളിവിൽ കഴിയുന്ന 2 പേരെക്കുറിച്ച് പൊലീസിനു വിവരം ലഭിച്ചു. അറസ്റ്റ് ഉടൻ ഉണ്ടാകും. ഇവരിൽ ഷിജാൽ എന്നയാളും ഗുരുതരമായി പരുക്കേറ്റു ചികിത്സയിലുള്ള വിനീഷുമാണ് ബോംബ് നിർമാണത്തിന്റെ സൂത്രധാരന്മാരെന്നു പൊലീസ് സൂചിപ്പിക്കുന്നു. ഷിജാലിനെ പിടികൂടിയാലേ ബോംബ് നിർമിച്ചതിന്റെ ഉദ്ദേശ്യമെന്തെന്നു വ്യക്തമാകൂ. വിനോദ്, അശ്വന്ത് എന്നിവരാണ് ചികിത്സയിലുള്ള മറ്റു രണ്ടുപേർ.  

വെള്ളിയാഴ്ച പുലർച്ചെയാണ് കുന്നോത്തുപറമ്പ് മുളിയാത്തോട്ടിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകനായ കൈവേലിക്കൽ എലിക്കൊത്തീന്റവിട കാട്ടീന്റവിട ഷെറിൻ കൊല്ലപ്പെട്ടത്. ഷെറിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ട് അഞ്ചരയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. 

വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ പാനൂരിൽ സമാധാന സന്ദേശ യാത്ര നടത്തി. പാനൂർ പൊലീസ് സ്റ്റേഷൻ മുതൽ ബസ് സ്റ്റാൻഡ് വരെ നടന്ന യാത്രയിൽ കെ.കെ.രമ എംഎൽഎയും പങ്കെടുത്തു.

സംസ്ഥാന വ്യാപക പരിശോധന

തിരുവനന്തപുരം ∙ പാനൂർ സംഭവത്തിനു പിന്നാലെ, സംസ്ഥാന വ്യാപക പരിശോധന നടത്താൻ ഡിജിപി എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും നിർദേശം നൽകി. മുൻപു ബോംബ് നിർമാണവുമായി ബന്ധപ്പെട്ടവരെ കർശന നിരീക്ഷണത്തിലാക്കാനും ബോംബ് നിർമിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലും രാഷ്ട്രീയ സംഘർഷ മേഖലകളിലും കർശന പരിശോധന നടത്താനും നിർദേശമുണ്ട്.  

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പൊലീസ് കനത്ത ജാഗ്രത പാലിക്കുന്നതിനിടെയാണു പാനൂരിൽ ബോംബ് നിർമാണം നടന്നത്. മാത്രമല്ല, ക്രമസമാധാനനിലയെക്കുറിച്ചു തിരഞ്ഞെടുപ്പു കമ്മിഷനു പൊലീസ് നിത്യേന റിപ്പോർട്ടും നൽകുന്നുണ്ട്. പാനൂർ മേഖലയിൽ സുരക്ഷയ്ക്ക് സിആർപിഎഫിന്റെ സഹായവും തേടി. വൈകിട്ട് സിആർപിഎഫ് പ്രദേശത്ത് റൂട്ട് മാർച്ച് നടത്തി.

∙ ‘പാനൂരിൽ ബോംബുണ്ടാക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടോ എന്നറിയില്ല. നിയമവിരുദ്ധമായ കാര്യമാണ് അവിടെ നടന്നത്. അന്വേഷണം പൊലീസ് ഗൗരവമായി നടത്തുന്നുണ്ടാകും. സംഭവവുമായി ഒരു ബന്ധവുമില്ലെന്നു 

സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. എൽഡിഎഫ് നല്ല രീതിയിൽ ജയിക്കാൻ പോകുന്ന അവിടെ ആർക്കെതിരെ കലാപമുണ്ടാക്കാനാണ് ?’ – പിണറായി വിജയൻ, മുഖ്യമന്ത്രി

∙ ‘ഇക്കാലത്തും ബോംബ് നിർമിക്കുന്ന സിപിഎം കാലത്തിന്റെ എത്ര പിറകിലാണ് സഞ്ചരിക്കുന്നതെന്നു ജനങ്ങൾ മനസ്സിലാക്കുന്നു. പിടിയിലാകുമ്പോൾ പ്രതികളെ തള്ളിപ്പറയുന്നത് മുഖം രക്ഷിക്കാനാണ്. പൊലീസിന്റെയും സർക്കാരിന്റെയും ഒത്താശയോടെയാണ് ഈ കുടിൽ വ്യവസായം നടക്കുന്നത്.’ – വി.ഡി.സതീശൻ, പ്രതിപക്ഷനേതാവ്

English Summary:

Four CPM members arrested in Panoor Bomb Blast case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com