പൗരത്വ ഭേദഗതി നിയമം: വാദങ്ങൾ സമർപ്പിച്ച് ലീഗ്
Mail This Article
ന്യൂഡൽഹി ∙ അയൽരാജ്യങ്ങളിൽ മതപീഡനത്തിനിരയാകുന്ന ന്യൂനപക്ഷങ്ങളെ ഉദ്ദേശിച്ചുള്ളതാണു പൗരത്വ നിയമമെന്ന കേന്ദ്രസർക്കാരിന്റെ അവകാശവാദം തെറ്റാണെന്നു മുസ്‌ലിം ലീഗ് സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. നിയമത്തിലെ പിഴവുകൾ വ്യക്തമാക്കി ലീഗിന്റെ വാദം രേഖാമൂലം കൈമാറി. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ കേന്ദ്ര സർക്കാർ ധൃതിപിടിച്ചു ചട്ടം വിജ്ഞാപനം ചെയ്തതിനെയാണു ലീഗ് അടക്കമുള്ള പ്രധാന ഹർജിക്കാർ ഇടക്കാല അപേക്ഷയിലൂടെ ചോദ്യം ചെയ്യുന്നത്.
ഹർജികൾ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനു മുൻപിൽ നാളത്തേക്കു ലിസ്റ്റ് ചെയ്തിരിക്കുകയാണ്. ഭരണഘടനാ ബെഞ്ചിൽ മറ്റു കേസുകൾ ഉള്ളതിനാൽ ഇവ നാളെത്തന്നെ പരിഗണിക്കുമോയെന്നു വ്യക്തമല്ല.
പൗരത്വ നിയമത്തിന്റെ പരിധിയിൽ പാക്കിസ്ഥാനെ ഉൾപ്പെടുത്തിയെങ്കിലും അവിടെ ഏറ്റവുമധികം പീഡനത്തിനിരയാകുന്ന അഹ്മദിയ്യ വിഭാഗത്തെ ഉൾപ്പെടുത്തിയില്ല. മ്യാൻമറിൽ വംശഹത്യ നേരിടുന്ന രോഹിൻഗ്യ മുസ്‌ലിംകളെയും ഒഴിവാക്കി. പീഡനം നേരിടുന്ന തമിഴ് ന്യൂനപക്ഷമുള്ള ശ്രീലങ്ക, ബുദ്ധമതക്കാരും ഉയ്ഗുർ മുസ്‌ലിംകളും കടുത്ത വിവേചനം നേരിടുന്ന ചൈന എന്നിവയും പട്ടികയിലില്ല.
മുസ്‌ലിംകളല്ലാത്തവരെ മാത്രം പൗരത്വ നിയമത്തിന്റെ ഭാഗമാക്കുന്നതിന് ഇന്ത്യാവിഭജനം കാരണമായി പറഞ്ഞ സർക്കാർ, അവിഭക്ത ഇന്ത്യയുടെ ഭാഗമല്ലാതിരുന്ന അഫ്ഗാനിസ്ഥാനെ ഉൾപ്പെടുത്തുകയും ചെയ്തു. ഏകപക്ഷീയവും വിവേചനപരവുമായാണു മതവിഭാഗങ്ങളെയും രാജ്യങ്ങളെയും തിരഞ്ഞെടുത്തതെന്നും ലീഗിനു വേണ്ടി അഭിഭാഷകരായ കപിൽ സിബൽ, ഹാരിസ് ബീരാൻ എന്നിവർ ചൂണ്ടിക്കാട്ടി.
പൗരത്വ നിയമം കൊണ്ടുവന്നു 4 വർഷവും 3 മാസവും പിന്നിട്ടശേഷം ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു വിജ്ഞാപനം ചെയ്തതിലെ അടിയന്തര സാഹചര്യം സർക്കാർ വ്യക്തമാക്കിയിട്ടില്ല. ജന്മം കൊണ്ടോ സ്ഥിരതാമസം മൂലമോ ആണു പൗരത്വം നൽകേണ്ടതെന്നും മതാടിസ്ഥാനത്തിൽ ആകരുതെന്നും ഒൻപതംഗ സുപ്രീം കോടതി ബെഞ്ച് നേരത്തേ വ്യക്തമാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. കേരള സർക്കാർ, ഡിവൈഎഫ്ഐ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവരും ഹർജിക്കാരാണ്.