ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തു വാടക, പാട്ട കരാറുകളുടെ സ്റ്റാംപ് ഡ്യൂട്ടി കുത്തനെ കൂട്ടി. ഭൂമിയുടെ ന്യായവിലയുടെ അടിസ്ഥാനത്തിലുള്ള കൂടിയ നിരക്കുകൾ നിലവിൽ വന്നു. കാർഷിക, വാണിജ്യ മേഖലകളിൽ റജിസ്റ്റർ ചെയ്യുന്ന വാടക, പാട്ട കരാറുകൾക്കും ഇതോടെ ചെലവേറും. സംസ്ഥാന ബജറ്റിനൊപ്പം പാസാക്കിയ ധനബില്ലിലെ വ്യവസ്ഥ പ്രകാരമാണു നടപടികൾ. 11 മാസ കാലാവധിയിലെ കരാറുകൾ റജിസ്റ്റർ ചെയ്യേണ്ടത് മുൻപു നിർബന്ധമല്ലായിരുന്നെങ്കിലും ഇനിയതു പറ്റില്ലെന്നാണു വ്യവസ്ഥ. ഇവയുടെ സ്റ്റാംപ് ഡ്യൂട്ടി 200 രൂപയിൽ നിന്ന് 500 ആക്കി.

മിക്ക വീടുകൾക്കും ചെറിയ കടമുറികൾക്കും 11 മാസ കാലാവധിയിലാണ് സാധാരണ വാടകക്കരാർ എഴുതുന്നത്. പുതിയ രീതിയിൽ പാട്ടക്കരാറിന്റെ കാലാവധി അനുസരിച്ച് പല സ്ലാബുകളായി തിരിച്ച് ന്യായവിലയുടെ നിശ്ചിത ശതമാനത്തിനു മേൽ 8% സ്റ്റാംപ് ഡ്യൂട്ടി നൽകണം. കെട്ടിടം മാത്രം കൈമാറ്റം ചെയ്യുന്ന കരാറുകൾക്ക് കെട്ടിടം സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ന്യായവിലയോ ആകെ വാടകത്തുകയോ, മുൻകൂറായി നൽകന്ന തുകയോ ഏതാണോ കൂടുതൽ അത് അനുസരിച്ചായിരിക്കും സ്റ്റാംപ് ഡ്യൂട്ടി.

പാട്ട, വാടകക്കരാറുകളുടെ റജിസ്ട്രേഷൻ ഫീസും ന്യായവില അടിസ്ഥാനമാക്കി മാറ്റുന്ന തീരുമാനം തിരഞ്ഞെടുപ്പിനു ശേഷം ഉണ്ടാകുമെന്നാണ് അറിയുന്നത്. ഇപ്പോൾ റജിസ്റ്റർ ചെയ്യുന്ന കരാറുകൾക്ക് പുതിയ നിരക്കിലുള്ള സ്റ്റാംപ് ഡ്യൂട്ടിയും പഴയ നിരക്കിലുള്ള റജിസ്ട്രേഷൻ ഫീസും നൽകണം. അതേസമയം, ഇതു സംബന്ധിച്ച് സബ് റജിസ്ട്രാർ ഓഫിസുകളിൽ അവ്യക്തത നിലനിൽക്കുന്നതിനാൽ പുതിയ നിരക്ക് ഈടാക്കി തുടങ്ങിയിട്ടില്ല.

ഫീസ് പിരിച്ചെടുക്കൽ എളുപ്പമല്ല

തിരുവനന്തപുരം ∙ വാടക, പാട്ട കരാറുകളുടെ സ്റ്റാംപ് ഡ്യൂട്ടിക്കും റജിസ്ട്രേഷനും ഭൂമി ന്യായവില അടിസ്ഥാനമാക്കി വർധിപ്പിച്ച നിരക്കുകൾ ബാധകമാക്കി വിജ്ഞാപനം ഇറങ്ങിയെങ്കിലും ഇതു പിരിച്ചെടുക്കുക എളുപ്പമല്ലെന്നു വിദഗ്ധർ. ഗവ. സ്ഥാപനങ്ങൾ അടക്കം പലരും കരാറുകൾ റജിസ്റ്റർ ചെയ്യാറില്ലെന്നതാണ് പ്രധാന തടസ്സം. വലിയ ധനകാര്യ, വാണിജ്യ സ്ഥാപനങ്ങളാണ് പ്രധാനമായും കരാറുകൾ റജിസ്റ്റർ ചെയ്യുന്നത്. ആദായനികുതി, ജിഎസ്ടി ആവശ്യങ്ങൾക്കും ഇളവുകൾക്കും വേണ്ടിയാണിത്.

എന്നാൽ ബവ്റിജസ് കോർപറേഷൻ, കൺസ്യൂമർഫെഡ്, കമ്പനികൾ, ബോർഡുകൾ പോലുള്ള ഗവ. സ്ഥാപനങ്ങളും സഹകരണ ബാങ്കുകളും സംഘങ്ങളും റജിസ്റ്റർ ചെയ്യാറില്ല. കരാർ റജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കാൻ നിലവിൽ റജിസ്ട്രേഷൻ വകുപ്പിന് അധികാരങ്ങളുമില്ല. ഇതിനെല്ലാം പുറമേ സംസ്ഥാനത്തെ 85 % ഭൂമി സർവേ നമ്പറുകളിൽ ന്യായവില നിശ്ചയിച്ചിട്ടുമില്ല. ന്യായവില നിശ്ചയിക്കാത്ത സ്ഥലങ്ങളിൽ വിപണിമൂല്യം കണക്കാക്കാമെങ്കിലും ഇതിന് അധികാരം റവന്യു വകുപ്പിനാണ്. ഏതെങ്കിലും ആവശ്യത്തിന് സോൾവൻസി സർട്ടിഫിക്കറ്റുകൾ നൽകുമ്പോഴും സർക്കാർ ആവശ്യങ്ങൾക്ക് ഭൂമി ഏറ്റെടുക്കുമ്പോഴുമാണ് റവന്യു വകുപ്പ് ഇങ്ങനെ വില നിശ്ചയിക്കാറുള്ളത്. 

English Summary:

Stamp duty on rent and lease agreement increased sharply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com