ചെമ്മീൻ കറി കഴിച്ച് അലർജി; ചികിത്സയിലിരിക്കെ യുവതി മരിച്ചു
Mail This Article
തൊടുപുഴ ∙ ഭക്ഷണം കഴിച്ച് അലർജി മൂർഛിച്ചതിനെത്തുടർന്നു ചികിത്സയിലിരിക്കെ യുവതി മരിച്ചു. പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ – നിഷ ദമ്പതികളുടെ മകൾ നികിത (20) ആണു മരിച്ചത്. തൊടുപുഴയിലെ സ്വകാര്യ കണ്ണടക്കടയിൽ ഒപ്റ്റോമെട്രിസ്റ്റ് ആണ്.
6–ാം തീയതി ചെമ്മീൻ കറി കഴിച്ച് നികിതയുടെ ശരീരം ചൊറിഞ്ഞുതടിച്ചതിനെത്തുടർന്നു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിറ്റേന്നു ശ്വാസതടസ്സം ഉണ്ടായതിനാൽ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ഞായറാഴ്ച രാത്രി പതിനൊന്നോടെ മരിച്ചു.
ആശുപത്രിയുടെ ഭാഗത്തു ചികിത്സപ്പിഴവ് ഉണ്ടായതായി ബന്ധുക്കൾ ആരോപിച്ചു. എന്നാൽ, വെന്റിലേറ്ററിലായിരുന്ന യുവതിയെ വേറെ ആശുപത്രിയിലേക്കു മാറ്റാവുന്ന സാഹചര്യമല്ലായിരുന്നുവെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നു തൊടുപുഴ പൊലീസ് പറഞ്ഞു. നികിതയുടെ സഹോദരൻ: ജിഷ്ണു.