ADVERTISEMENT

കൊച്ചി∙ സംസ്ഥാനത്ത് സർക്കാർ സബ്സിഡിയോടെ കൺസ്യൂമർഫെഡ് റമസാൻ–വിഷു ചന്തകൾ‍ ആരംഭിക്കുന്നതു തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ടലംഘനമാകും എന്നതിനാലാണ് അനുമതി നിഷേധിച്ചതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. റമസാൻ-വിഷു ചന്തകൾക്കു തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നിഷേധിച്ചതിനെതിരെ കൺസ്യൂമർഫെഡ് നൽകിയ ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. കേസ് എടുത്തപ്പോൾ കമ്മിഷന്റെ വിശദീകരണ പത്രിക ബെഞ്ചിൽ എത്തിയിരുന്നില്ല. തുടർന്നാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി മാറ്റിയത്. 

ചന്തകൾ തുടങ്ങാൻ കഴിഞ്ഞ ഫെബ്രുവരി 16നു തന്നെ തീരുമാനമെടുത്തതാണെന്നു ചൂണ്ടിക്കാട്ടിയാണു ഹർജി. ഏപ്രിൽ 8 മുതൽ 14 വരെ 250 റമസാൻ-വിഷു ചന്തകൾ തുറക്കാനായിരുന്നു തീരുമാനം. ഈയാവശ്യത്തിനു സർക്കാർ 5 കോടി രൂപ സബ്സിഡി അനുവദിക്കുകയും വിതരണത്തിന് 13 ഇനം സാധനങ്ങൾ 14.74 കോടി രൂപ മുടക്കി വാങ്ങുകയും ചെയ്തിരുന്നു. എന്നാൽ, ഈ നടപടി വോട്ടർമാരെ സ്വാധീനിക്കുമെന്നു വിലയിരുത്തി സ്പെഷൽ ചന്തകൾ തുറക്കുന്നതു തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നീട്ടി വയ്ക്കാൻ കമ്മിഷൻ നിർദേശിക്കുകയായിരുന്നു. 

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം വോട്ടർമാരെ സ്വാധീനിക്കുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകരുതെന്നു പെരുമാറ്റച്ചട്ടത്തിൽ നിഷ്കർഷിക്കുന്നുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചതെന്നുമാണു കമ്മിഷന്റെ നിലപാട്. അനർഹമായി ആർക്കും മുൻതൂക്കം കിട്ടുന്നത് അനുവദിക്കാനാകില്ലെന്നും പത്രികയിൽ പറയുന്നു.

English Summary:

Election Commission banned Consumerfed Ramadan-Vishu markets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com