തിരഞ്ഞെടുപ്പ് കഴിയും വരെ ഐസക്കിനെ വിളിക്കരുത്: ഇ.ഡിയോട് ഹൈക്കോടതി
Mail This Article
കൊച്ചി ∙ കിഫ്ബി മസാല ബോണ്ട് വിനിമയം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി മുൻ ധനമന്ത്രി തോമസ് ഐസക്കിനെ തിരഞ്ഞെടുപ്പു കഴിയുന്നതു വരെ വിളിപ്പിക്കേണ്ടതില്ലെന്ന് ഇ.ഡിയോട് ഹൈക്കോടതി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ തോമസ് ഐസക് സ്ഥാനാർഥിയാണെന്നും ഒരു മാസം തികച്ചില്ലാത്ത തിരഞ്ഞെടുപ്പിന്റെ ഈ വേളയിൽ സ്ഥാനാർഥിയെ ശല്യം ചെയ്യേണ്ടതില്ലെന്നും ജസ്റ്റിസ് ടി.ആർ.രവി വ്യക്തമാക്കി. എന്നാൽ ഇ.ഡി കൈമാറിയ ഫയലുകൾ പരിശോധിച്ചതിൽ നിന്ന് ചില കാര്യങ്ങളെ കുറിച്ചു സംശയമുണ്ടെന്നും വ്യക്തത വരുത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥിയാണു തോമസ് ഐസക്.
മസാല ബോണ്ടുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാൻ ഇ.ഡി നിരന്തരം സമൻസ് അയയ്ക്കുന്നതിനെതിരെ മുൻമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർജികളാണു കോടതിയിൽ. ഇ.ഡി സമർപ്പിച്ച ഫയലുകളിലൂടെ താൻ കടന്നു പോയെന്നും ഈ ഘട്ടത്തിൽ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി. വിശദീകരണം തേടുന്നതു നേരിട്ടു വിളിപ്പിച്ചു വേണോ രേഖാമൂലം മതിയോ എന്നൊക്കെ പരിശോധിക്കേണ്ട കാര്യങ്ങളാണെന്നും വ്യക്തമാക്കി. ഹർജികൾ മേയ് 22നു വീണ്ടും പരിഗണിക്കും.
തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്കു ഹാജരാകാൻ ഒരു തീയതി പറയാനാകുമോ എന്ന് ഇ.ഡിക്കു വേണ്ടി ഹാജരായ അഡീ. സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ ആവശ്യപ്പെട്ടെങ്കിലും അതിനു മുതിരുന്നില്ലെന്നു കോടതി പറഞ്ഞു. ഇതിനിടെ കേസിൽ കക്ഷിചേരാൻ മാധ്യമ പ്രവർത്തകൻ നൽകിയ അപേക്ഷ കോടതി തള്ളി.