തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ
Mail This Article
ന്യൂഡൽഹി ∙ തൊണ്ടിമുതൽ കേസ് രാഷ്ട്രീയ ഭാവി തകർക്കാനുള്ള കേസാണെന്ന മുൻ മന്ത്രിയും ജനാധിപത്യ കേരള കോൺഗ്രസ് നേതാവുമായ ആന്റണി രാജുവിന്റെ വാദം അടിസ്ഥാനരഹിതമാണെന്നും ഹർജി തള്ളണമെന്നും ആവശ്യപ്പെട്ട് കേരള സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ആന്റണി രാജുവിന്റെ ഹർജി പരിഗണിച്ചു നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നിലനിൽക്കുന്ന കേസ് തള്ളുന്നതു നീതി നടപ്പാക്കുന്നതിനെ ബാധിക്കും.
ആന്റണി രാജുവിനെതിരെയുള്ളത് ഗൗരവ സ്വഭാവമുള്ള ആരോപണങ്ങളാണെന്നും ഇത്തരത്തിൽ കോടതിക്കെതിരായ നടപടികൾ പ്രോത്സാഹിപ്പിക്കരുതെന്നും കേരള സർക്കാരിന്റെ നിയമ ഓഫിസർക്കു വേണ്ടി സ്റ്റാൻഡിങ് കൗൺസൽ നിഷെ രാജൻ ശങ്കർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കേസിൽ പുനരന്വേഷണം നടത്തുന്നതിനെതിരെ ആന്റണി രാജു നൽകിയ ഹർജിക്കുള്ള മറുപടിയിലാണ് സംസ്ഥാന സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. മറുപടി വൈകിപ്പിച്ചതിനെതിരെ ജസ്റ്റിസ് സി.ടി.രവികുമാർ അധ്യക്ഷനായ ബെഞ്ച് കേരള സർക്കാരിനെ വിമർശിച്ചിരുന്നു. ജില്ലാ ജഡ്ജി നിർദേശിച്ചതു പ്രകാരമാണ് വഞ്ചിയൂർ കോടതി കേസെടുത്തത്. അതുകൊണ്ടു തന്നെ ആന്റണി രാജുവിന്റെ ഹർജി തള്ളി കേസിൽ നീതിപൂർവകമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും കോടതി നിർദേശിച്ചു.
കേസിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്തും ക്രിമിനൽ നടപടി ചട്ടപ്രകാരം വേണ്ട ചില കാര്യങ്ങളിലെ പോരായ്മ മൂലവുമാണ് കേസിൽ പുനരന്വേഷണത്തിനു സുപ്രീം കോടതി ഉത്തരവിട്ടത്. കേസിലെ പ്രത്യേക സാഹചര്യം മൂലമാണ് വിചാരണ പൂർത്തിയാകുന്നതും വൈകുകയാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മയക്കുമരുന്ന് കടത്തിയ കേസിൽ പ്രതിയായ ഓസ്ട്രേലിയൻ പൗരനെ രക്ഷിക്കാൻ, കോടതിയിലിരുന്ന തൊണ്ടിമുതൽ മാറ്റിയെന്നതാണ് ആന്റണി രാജുവിനെതിരായ കേസ്