മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള വെബ്സൈറ്റുകളിൽ നവീൻ 2010 മുതൽ സജീവം; നിർണായക തെളിവു കിട്ടിയെന്ന് പൊലീസ്
Mail This Article
തിരുവനന്തപുരം∙ നവീൻ തോമസ്, ഭാര്യ ദേവി, ആര്യ എന്നിവരെ അരുണാചൽപ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ നിർണായകമായ തെളിവുകൾ കിട്ടിയെന്ന് പൊലീസ്. ലാപ്ടോപ്പും മൊബൈലുകളും പരിശോധിച്ചപ്പോൾ ലഭിച്ച വിവരങ്ങളുമായി ഒത്തുപോവുന്നതാണ് ഇപ്പോൾ പൊലീസിന് കിട്ടിയ തെളിവുകൾ. ഇനിയും കുറച്ചു പേരുടെ മൊഴിയെടുക്കണമെന്നും ഇന്ന് അന്വേഷണത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നുമാണ് പൊലീസ് പറയുന്നത്.
നവീൻ തോമസ് 2010 മുതൽ മരണാനന്തര ജീവിതത്തെക്കുറിച്ചും അന്യഗ്രഹ ജീവിതത്തെക്കുറിച്ചും പറയുന്ന വെബ്സൈറ്റുകളിൽ സജീവമായി ഇടപെട്ടിരുന്നുവെന്ന് പൊലീസ് പറയുന്നു. 2016 ഏപ്രിലിൽ അന്യഗ്രഹജീവിതത്തെക്കുറിച്ച് പറയുന്ന ‘മിതി’ എന്ന വെബ്സൈറ്റിൽ പണം സംഭാവന ചെയ്തിരുന്നുവെന്നും തെളിവുകൾ പുറത്തു വന്നിരുന്നു. മിതി എന്ന സാങ്കൽപിക കഥാപാത്രത്തിന്റെ പേരിലാണ് ഇൗ യൂട്യൂബ് ചാനലും വെബ്സൈറ്റും പ്രവർത്തിക്കുന്നത്. ഇതിൽ 2019ലും 2020ലും നവീൻ തോമസ് സംശയങ്ങൾ ചോദിച്ചതിന്റെയും അതിന് മിതി മറുപടി പറയുന്നതിന്റെയും രേഖകൾ പുറത്തു വന്നിരുന്നു. ഇത്തരം ചിന്തകളുടെ അടിമയായ നവീൻ പിന്നീട് ഭാര്യയെയും സുഹൃത്ത് ആര്യയെയും ഇൗ വഴിയിലെത്തിച്ചുവെന്ന അനുമാനത്തിലാണ് പൊലീസ്.