ADVERTISEMENT

കണ്ണൂർ ∙ പാനൂരിൽ നിർമാണത്തിനിടെ ബോംബ് പൊട്ടി സിപിഎം പ്രവർത്തകൻ ഷെറിൻ കൊല്ലപ്പെട്ടതിൽനിന്നു തലയൂരാൻ സിപിഎം ആഞ്ഞു ശ്രമിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും നടത്തിയ പ്രതികരണങ്ങൾ, സംഭവത്തിൽ പാർട്ടിയുടെ പങ്കു ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ സൂചനയാണ്.

തിരഞ്ഞെടുപ്പു കാലത്തുണ്ടായ സ്ഫോടനത്തിൽ പ്രവർത്തകൻ കൊല്ലപ്പെട്ടതും കേസിൽ ഡിവൈഎഫ്ഐ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി അടക്കമുള്ള പ്രവർത്തകർ അറസ്റ്റിലായതും സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. സംഭവവുമായി ബന്ധമില്ലെന്നാണു പാർട്ടി പ്രതികരിച്ചതെങ്കിലും പിടിയിലായവർ സിപിഎം, ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളോ സജീവ പ്രവർത്തകരോ ആണെന്നതിന്റെ നിഷേധിക്കാൻ പറ്റാത്ത തെളിവുകളാണു പുറത്തുവന്നത്. 

ഷെറിന്റെ സംസ്കാരച്ചടങ്ങി‍ൽ പ്രാദേശിക സിപിഎം നേതാക്കളും കെ.പി.മോഹനൻ എംഎൽഎയും പങ്കെടുത്തതിനെ മനുഷ്യത്വത്തിന്റെ ഭാഗമായി മാത്രം കണ്ടാൽ മതിയെന്നാണു മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചത്. 

എം.വി.ഗോവിന്ദനാകട്ടെ, സ്ഫോടനം നടന്ന സ്ഥലത്തു ഡിവൈഎഫ്ഐ പ്രവർത്തകർ പോയതു രക്ഷാപ്രവർത്തനത്തിനാണെന്നു പറഞ്ഞ്, ഒരുപടികൂടി കടന്നാണു ന്യായീകരിച്ചത്. ഷെറിന്റെ വീട്ടിലെ നേതാക്കളുടെ സന്ദർശനം മനുഷ്യത്വപരമെന്ന് ഗോവിന്ദനും ആവർത്തിച്ചു.

∙ പാനൂരിൽ ബോംബ് നിർമാണത്തിനിടെ മരിച്ച ഷെറിന്റെ വീട് സിപിഎം നേതാക്കൾ സന്ദർശിച്ചത് മനുഷ്യത്വത്തിന്റെ ഭാഗമായി കണ്ടാൽ മതി. അതിനർഥം ചെയ്ത കുറ്റത്തോടു മൃദുസമീപനം ഉണ്ടെന്നല്ല. കുറ്റവാളികളോടു മൃദുസമീപനം കാണിക്കുന്നതാണ് തെറ്റ്. നാട്ടിൽ ബോംബ് നിർമിക്കേണ്ട ആവശ്യമില്ല. അതിൽ നിയമപരമായി ശക്തമായ നടപടി സ്വീകരിക്കും. തെറ്റ് ചെയ്തവർക്കെതിരെ നടപടിയുണ്ടാകും. വീടിനടുത്ത് ഒരാൾ മരിച്ചാൽ ക്രിമിനൽ കുറ്റം ചെയ്ത ആളാണെങ്കിലും അടുത്തുള്ളവർ പോകില്ലേ, അതു സ്വാഭാവിക നടപടിയാണ്. - മുഖ്യമന്ത്രി പിണറായി വിജയൻ 

English Summary:

Panoor bomb case: Pinarayi vijayan's reaction about participation in funeral ceremony of sherin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com