സുഗന്ധഗിരി; വനം ഉദ്യോഗസ്ഥനും പ്രതിപ്പട്ടികയിലേക്ക്
Mail This Article
കോഴിക്കോട്∙ സുഗന്ധഗിരി വനം കൊള്ളയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനും പ്രതിപ്പട്ടികയിലേക്ക്. അറസ്റ്റിലായ കരാറുകാരൻ ഹനീഫയിൽ നിന്ന് ഇയാൾ അര ലക്ഷം രൂപ പണമായി കൈപ്പറ്റിയിട്ടുണ്ടെന്നും മരം വെട്ടുന്നതിനു മുൻപും ശേഷവും ഒട്ടേറെ തവണ ഹനീഫയുമായി ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും വ്യക്തമായതിനെ തുടർന്നാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചത്.
ഭാവിയിൽ ഇത്തരം വനം കൊള്ള ഉണ്ടാകാതിരിക്കാനും ഫോം–4 പാസിന്റെ ദുരുപയോഗം തടയാനുമുള്ള ശുപാർശകളോടെ അന്വേഷണ റിപ്പോർട്ട് ഈയാഴ്ച തന്നെ വിജിലൻസ് അഡിഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എൽ.ചന്ദ്രശേഖരന് നൽകുമെന്നാണ് സൂചന.
മറ്റൊരു ഉദ്യോഗസ്ഥനു കൂടി പങ്കുണ്ടെന്ന് സൂചനയുണ്ടെങ്കിലും ഇയാൾക്കെതിരെ വ്യക്തമായ തെളിവുകൾ കിട്ടിയിട്ടില്ല. ഫ്ലയിങ് സ്ക്വാഡ് ഉദ്യോഗസ്ഥരിൽ നിന്നും മൊഴിയെടുക്കുന്നുണ്ട്. ഇതു കൂടി പൂർത്തിയാക്കുന്നതോടെ അന്വേഷണ റിപ്പോർട്ട് തയാറാക്കും. വനം ഉദ്യോഗസ്ഥന് അര ലക്ഷം രൂപ നൽകിയ വിവരം കരാറുകാരൻ ഹനീഫ തന്നെയാണ് അന്വേഷണ സംഘത്തോട് സമ്മതിച്ചത്.
സസ്പെൻഡ് ചെയ്യപ്പെട്ട ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ.പി.സജിപ്രസാദ്, എം.കെ.വിനോദ് കുമാർ എന്നിവർക്ക് സംഭവത്തിൽ പങ്കില്ലെന്ന് റേഞ്ച് ഓഫിസർ റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിലും അനുവദിക്കപ്പെട്ടതിലും കൂടുതൽ മരങ്ങൾ പ്രദേശത്ത് വെട്ടിയിട്ടിരിക്കുന്നതിനെ കുറിച്ച് ഇവർക്ക് കൃത്യമായ അറിവുണ്ടായിരുന്നു എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.