ഗാന്ധിമതി ബാലൻ അന്തരിച്ചു; ശ്രദ്ധേയ സിനിമകളുടെ നിർമാതാവ്
Mail This Article
തിരുവനന്തപുരം∙ കലാമേന്മയുള്ള നിരവധി ശ്രദ്ധേയ സിനിമകളുടെ നിർമാതാവും വിതരണക്കാരനും ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനുമായ ഗാന്ധിമതി ബാലൻ (കെ.പി.ബി.നായർ–66) അന്തരിച്ചു. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ 9 മുതൽ വസതിയായ വഴുതക്കാട് ആർടെക് മീനാക്ഷി അപാർട്മെന്റിലും 2.30 മുതൽ പാളയം അയ്യങ്കാളി ഹാളിലും പൊതു ദർശനത്തിനു വയ്ക്കും.
സംസ്കാരം വൈകിട്ട് 5ന് തൈക്കാട് ശാന്തി കവാടത്തിൽ. രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രമായ പഞ്ചവടിപ്പാലത്തിന്റെ നിർമാതാവെന്ന നിലയിൽ ശ്രദ്ധേയനായ അദ്ദേഹം ഇത്തിരി നേരം ഒത്തിരി കാര്യം, നൊമ്പരത്തിപ്പൂവ്, മൂന്നാംപക്കം, സുഖമോ ദേവി, ഈ തണുത്ത വെളുപ്പാൻകാലത്ത്, പത്താമുദയം തുടങ്ങിയ സിനിമകളും നിർമിച്ചു. തൂവാനത്തുമ്പികൾ, മാളൂട്ടി തുടങ്ങിയ സിനിമകളുടെ സഹ നിർമാതാവുമാണ്.
സിനിമാ നിർമാണ രംഗത്തു നിന്നു പിൻമാറിയ ശേഷം സൈബർ ഫൊറൻസിക് സ്ഥാപനമായ അലിബൈയുടെയും ഗാന്ധിമതി ഇവന്റ്സിന്റെയും മേധാവിയായി പ്രവർത്തിച്ചുവരികയായിരുന്നു. പത്തനംതിട്ട ഇലന്തൂർ സ്വദേശിയാണ്. ബിസിനസിന്റെ ഭാഗമായി തിരുവനന്തപുരത്തെ ധന്യ–രമ്യ തിയറ്റർ സമുച്ചയം വാങ്ങിയതോടെയാണ് സിനിമാ രംഗവുമായി ബന്ധപ്പെടുന്നത്. അമ്മ ഗാന്ധിമതി ദേവിയുടെ പേരിൽ സിനിമാ നിർമാണ കമ്പനിയായ ഗാന്ധിമതി പ്രൊഡക്‌ഷൻ ആരംഭിച്ചതോടെ ഗാന്ധിമതി ബാലനായി.
അനിതയാണു ഭാര്യ. മക്കൾ: സൗമ്യ (ഫൗണ്ടർ ഡയറക്ടർ, ആലിബൈ), അനന്തപത്മനാഭൻ (മാനേജിങ് പാർട്നർ– മെഡ് റൈഡ്, ഡയറക്ടർ–‘ലോക’ മെഡിസിറ്റി) മരുമക്കൾ: കെ.എം.ശ്യാം (ഡയറക്ടർ–ആലിബൈ, ഗാന്ധിമതി ട്രേഡിങ് ആൻഡ് എക്സ്പോർട്സ്), അൽക നാരായൺ (ഗ്രാഫിക് ഡിസൈനർ)