മുരളീമന്ദിരത്തിൽ കോൺഗ്രസുകാർക്ക് പത്മജ ബിജെപി അംഗത്വം നൽകി
Mail This Article
തൃശൂർ ∙ പൂങ്കുന്നം മുരളീമന്ദിരത്തിൽ ലീഡർ കെ. കരുണാകരന്റെ സ്മൃതി മണ്ഡപത്തോടു ചേർന്നൊരുക്കിയ വേദിയിൽ മുപ്പതോളം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു പത്മജ വേണുഗോപാൽ ബിജെപി അംഗത്വം നൽകി.
യൂത്ത് കോൺഗ്രസ് തൃശൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് മനു പള്ളത്ത്, കോൺഗ്രസ് അയ്യന്തോൾ ബ്ലോക്ക് വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ എന്നിവരടക്കം അംഗത്വം സ്വീകരിച്ചു. കരുണാകരന്റെ ഭാര്യയും പത്മജയുടെ മാതാവുമായ കല്യാണിക്കുട്ടിയമ്മയുടെ ഓർമദിനത്തിൽ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി.
തിരഞ്ഞെടുപ്പു കഴിഞ്ഞാൽ കോൺഗ്രസിൽ നിന്നു ബിജെപിയിലേക്ക് ഒഴുക്കുണ്ടാകുമെന്നും തന്നെ തോൽപ്പിച്ചവരാണു മുരളീധരനൊപ്പമുള്ളതെന്നും പത്മജ പറഞ്ഞു. മുരളീധരനെ സുരേഷ് ഗോപി പരാജയപ്പെടുത്തും. സംസ്ഥാനത്ത് ലൗ ജിഹാദുണ്ടെന്നും കുട്ടികൾക്ക് ഒരു സന്ദേശമെന്ന നിലയിൽ കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്നത് നല്ലതാണെന്നും പത്മജ പറഞ്ഞു.
പത്മജയുടേത് തരംതാണ രാഷ്ട്രീയം; ഏപ്രിൽ 26 കഴിയട്ടെ: മുരളീധരൻ
തൃശൂർ ∙ മുരളീമന്ദിരത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് ബിജെപി അംഗത്വം നൽകിയ പത്മജ വേണുഗോപാലിന്റേതു തരംതാണ രാഷ്ട്രീയ പ്രവൃത്തിയാണെന്നു സഹോദരനും യുഡിഎഫ് സ്ഥാനാർഥിയുമായ കെ.മുരളീധരൻ പറഞ്ഞു. അച്ഛനും അമ്മയും അന്തിയുറങ്ങുന്ന ഇടം സംഘികൾക്കു വിട്ടുകൊടുക്കില്ല. ഏപ്രിൽ 26 കഴിയട്ടെ. അതുകഴിഞ്ഞ് എന്താണു ചെയ്യേണ്ടതെന്നറിയാം. അതുവരെ ആത്മസംയമനം പാലിക്കുകയാണ്. അച്ഛന്റെ ആത്മാവ് പൊറുക്കാത്ത കാര്യങ്ങളാണു നടന്നുകൊണ്ടിരിക്കുന്നത്. അച്ഛൻ പറഞ്ഞത് വേദവാക്യമായാണ് അമ്മ കൊണ്ടുനടന്നത്.
ആ അമ്മയുടെ ഓർമദിനത്തിൽ ഈ വൃത്തികെട്ട കളി എങ്ങനെ കളിക്കാൻ പറ്റി? വർഗീയ ശക്തികളെ തൃശൂരിൽ നിന്ന് തുടച്ചുനീക്കുമെന്ന് ഈ ദിനത്തിൽ പ്രതിജ്ഞയെടുക്കുകയാണ്. ബിജെപിയിൽ പോയത് പത്മജയുടെ കൂടെ നടക്കുന്ന കുറച്ചുപേരാണ്. ആ സ്മൃതികുടീരത്തിൽ ബിജെപിക്കാർ പ്രാർഥിച്ചിട്ടുണ്ടെങ്കിൽ അവർക്കു പിന്നീടു ബുദ്ധിയുണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു.