കേസിൽ പ്രോസിക്യൂഷൻ നിലപാട് മുൻപത്തേതു തന്നെ: ആന്റണി രാജു
Mail This Article
തിരുവനന്തപുരം∙ തനിക്കെതിരെയുള്ള കേസിൽ പ്രോസിക്യൂഷൻ നിലപാട് മുൻപും ഇതു തന്നെയായിരുന്നുവെന്നും 34 വർഷമായി കേസിൽ വേട്ടയാടപ്പെടുകയാണെന്നും ആന്റണി രാജു എംഎൽഎ. തൊണ്ടിമുതൽ കേസ് തന്റെ രാഷ്ട്രീയ ഭാവി തകർക്കാനാണെന്നും കേസിൽ നിന്ന് ഒഴിവാക്കണമെന്നും കാട്ടി ആന്റണി രാജു സുപ്രീംകോടതിയിൽ നൽകിയ ഹർജി കഴിഞ്ഞദിവസം സംസ്ഥാന സർക്കാർ എതിർത്തിരുന്നു.
ആന്റണി രാജുവിനെതിരായ ആരോപണങ്ങൾ ഗൗരവ സ്വഭാവമുള്ളതാണെന്നും കേസ് തള്ളാൻ പാടില്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിയമ ഓഫിസർക്കു വേണ്ടി സ്റ്റാൻഡിങ് കൗൺസിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്. പ്രോസിക്യൂഷൻ നേരത്തേയും കോടതിയിൽ ഇൗ നിലപാട് എടുത്തിരുന്നുവെന്നും അത് സുപ്രീംകോടതിയിലും തുടർന്നു എന്നു മാത്രമേയുള്ളൂവെന്നും ആന്റണി രാജു പ്രതികരിച്ചു. മൂന്നു തവണ അന്വേഷിച്ച് തെളിവില്ലെന്ന് കണ്ടെത്തിയ കേസായിരുന്നു ഇത്.
2006ൽ ഉമ്മൻചാണ്ടി സർക്കാർ തിരഞ്ഞെടുപ്പ് സമയത്ത് വീണ്ടും അന്വേഷിച്ച് രാഷ്ട്രീയപ്രേരിതമായി തന്നെക്കൂടി ഉൾപ്പെടുത്തി കുറ്റപത്രം നൽകി. എന്നാൽ തെളിവില്ലാത്തതിനാൽ കേസിൽ കഴമ്പില്ലെന്നു കണ്ട് ഹൈക്കോടതി കേസ് റദ്ദാക്കി. പൊലീസ് അല്ല, മജിസ്ട്രേട്ട് കോടതിക്കു വേണമെങ്കിൽ പുനരന്വേഷിക്കാമെന്നാണ് ഹൈക്കോടതി നിർദേശിച്ചത്. കേസ് പുനരന്വേഷിക്കുന്നതിൽ എതിർപ്പില്ല. പക്ഷേ നിയമപരമായി തനിക്കെതിരെ കേസ് നിൽക്കില്ലെന്നും തന്നെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണു സുപ്രീം കോടതിയെ സമീപിച്ചതെന്ന് ആന്റണി രാജു പറഞ്ഞു.