ADVERTISEMENT

തിളച്ചു മറിയുന്ന തിരഞ്ഞെടുപ്പു ചൂടിനപ്പുറം അടിയൊഴുക്കുണ്ടോ? തലസ്ഥാനത്തെ വിധിയെഴുത്തിന്റെ ഫലം കാത്തിരുന്നുതന്നെ കാണണം. ശക്തമായ ത്രികോണ മത്സരത്തിനാണു തിരുവനന്തപുരം മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. ശശി തരൂർ തന്റെ വ്യക്തിപ്രഭാവം കൊണ്ടു കൂടി ഒന്നര പതിറ്റാണ്ടായി യുഡിഎഫ് കോട്ടയാക്കി സംരക്ഷിക്കുന്ന ഇവിടെ കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിലും ബിജെപിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. കേരളത്തിൽ മറ്റൊരു മണ്ഡലത്തിലും ഈ സാഹചര്യമില്ല.

തരൂർ നാലാമത്തെ വിജയത്തിനായി മത്സരിക്കുമ്പോൾ ഒ.രാജഗോപാലും കുമ്മനം രാജശേഖരനും നേടിയ രണ്ടാം സ്ഥാനം ഒന്നാം സ്ഥാനമാക്കി മാറ്റാൻ സർവ തന്ത്രങ്ങളും പയറ്റുന്നുണ്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരത്ത് ഏറ്റവുമൊടുവിലത്തെ എൽഡിഎഫ് വിജയത്തിന്റെ അവകാശിയായ പന്ന്യൻ രവീന്ദ്രന് തന്റെ പാർട്ടിയെയും മുന്നണിയെയും  മൂന്നാം സ്ഥാനത്തിന്റെ ക്ഷീണത്തിൽനിന്നു കരകയറ്റാൻ ജയം വേണം. 

നയതന്ത്രത്തിന്റെ ഉദ്യോഗപർവം താണ്ടി രാഷ്ട്രീയത്തിലെത്തിയ പാലക്കാട്ടുകാരനായ തരൂരും ബിസിനസ് തന്ത്രങ്ങളും നന്നായറിയാവുന്ന തൃശൂർ സ്വദേശി രാജീവ് ചന്ദ്രശേഖറും അടിമുടി കലർപ്പില്ലാത്ത ഇടതുപക്ഷക്കാരനായ കണ്ണൂരുകാരൻ പന്ന്യനും പാർട്ടിക്കാരല്ലാത്ത വോട്ടർമാരെയും കയ്യിലെടുക്കാൻ അസാമാന്യ മിടുക്കുള്ളവർ തന്നെയാണ്. വിശ്വപൗരനെന്ന് തരൂരിനെ അനുയായികൾ വാഴ്ത്തുമ്പോൾ വിശ്വസിക്കാവുന്ന പൗരനെന്ന് പന്ന്യനെ എൽഡിഎഫ് വിശേഷിപ്പിക്കുന്നു, രാജീവ് വിശ്വാസം കാക്കുമെന്നാണ് ബിജെപിയുടെ ഉറപ്പ്.

വികസനം, ആശങ്ക

സർക്കാർ ഉദ്യോഗസ്ഥർ ഏറെയുള്ള മണ്ഡലത്തിൽ സംസ്ഥാന ഭരണവും വിവാദങ്ങളും ചർച്ചയാണ്.  നഗരവികസന പദ്ധതികൾ മുതൽ തീരദേശത്തിന്റെ വറുതി വരെ ജനകീയ വിഷയങ്ങളും സ്വാധീനിക്കുന്നു. ഹൈവേ വികസനം, വിഴിഞ്ഞം തുറമുഖം, വിമാനത്താവള വികസനം, സ്മാർട് സിറ്റി പദ്ധതി, ടെക്നോപാർക്ക് അടങ്ങുന്ന ഐടി സിറ്റി വികസനം എന്നിവയെച്ചൊല്ലിയുള്ള അവകാശവാദങ്ങളും ആരോപണങ്ങളും മൂന്നു മുന്നണികളും ഉന്നയിക്കുന്നുണ്ട്.  

വിഴിഞ്ഞം തുറമുഖം എല്ലാ മുന്നണികളെയും  കുഴക്കുന്ന ഇരുതല വാളാണ്. വൻ സാധ്യത തുറക്കുന്ന തുറമുഖത്തെ  പിന്തുണയ്ക്കുമ്പോൾ തന്നെ തീരവാസികൾ ഉയർത്തിയ പ്രതിഷേധവും അതിനെ നേരിട്ട രീതിയും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാം. 15 വർഷം തരൂർ ഒന്നും ചെയ്തില്ലെന്ന് എൽഡിഎഫും എൻഡിഎയും ആരോപിക്കുമ്പോൾ, ചെയ്ത കാര്യങ്ങളുടെയും നടത്തിയ ഇടപെടലുകളുടെയും കൈപ്പുസ്തകം ഇറക്കിയാണ് യുഡിഎഫ് മറുപടി നൽകുന്നത്.

വോട്ടാകുന്ന വ്യക്തിപ്രഭാവം

മുന്നണി വോട്ടുകൾക്കപ്പുറം വ്യക്തിപരമായി വോട്ട് ആകർഷിക്കാനുള്ള മിടുക്കാണ് തരൂരിന്റെ കരുത്ത്. പ്രഫഷനലുകൾക്കും യുവതലമുറയിലും തരൂർ കുത്തകയാക്കിയ ആ വോട്ട് ബാങ്ക് പൊളിക്കാൻ കൂടി ലക്ഷ്യമിട്ടാണ് കേന്ദ്ര ഐടി മന്ത്രിയായ രാജീവ് ചന്ദ്രശേഖറിനെ ബിജെപി രംഗത്തിറക്കിയത്. ജയിച്ചാൽ വീണ്ടും കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന രാജീവിന്റെ പ്രചാരണ വാക്യം ‘ഇനി കാര്യം നടക്കും’ എന്നാണ്. 

തിരഞ്ഞെടുപ്പിനില്ലെന്ന് പ്രഖ്യാപിച്ച പന്ന്യനെ സിപിഐ നിർബന്ധിച്ച് കളത്തിലിറക്കിയതും മുന്നണിക്കതീതമായി വോട്ടു നേടാനാണ്. തരൂർ കഴിഞ്ഞവട്ടം 99,989 വോട്ടിന് മിന്നിച്ച മണ്ഡലത്തിൽ ഇത്തവണ വിധിയെഴുതാൻ 63,008 കന്നിവോട്ടർമാരുണ്ട്. ആ യുവ ശക്തി തന്നെയാകും ഇത്തവണയും ഫലം കുറിക്കുന്നതിൽ നിർണായകം.  

ശശി തരൂർ (68) 

കോൺഗ്രസ്

∙ കോൺഗ്രസ് പ്രവർത്തകസമിതി അംഗം. 2009 മുതൽ തിരുവനന്തപുരം എംപി. 

∙ വിദേശകാര്യ– മാനവ വിഭവശേഷി സഹമന്ത്രിയായിരുന്നു

∙ യുഎൻ  മുൻ അണ്ടർ സെക്രട്ടറി ജനറൽ. സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിച്ചു.

∙ പ്രഭാഷകൻ, എഴുത്തുകാരൻ.  കോളമിസ്റ്റ്.

അനുകൂലം

1. മണ്ഡലത്തിൽ യുഡിഎഫിനുള്ള മേൽക്കൈ

2. ശശി തരൂരിന്റെ വ്യക്തി പ്രഭാവം

3. ന്യൂനപക്ഷ വോട്ടുകൾ സാധ്യത

പ്രതികൂലം

1. സംഘടനാ സംവിധാനത്തിലെ പോരായ്മ.

2. ആസൂത്രണം ചെയ്ത പല പദ്ധതികളും നടത്തിയെടുക്കാൻ കഴിയാത്തത്

3. മുന്നണി– പാർട്ടി നിലപാടിനപ്പുറം തരൂർ സ്വീകരിച്ച നിലപാടുകളിൽ ചിലർക്കുള്ള അതൃപ്തി. 

രാജീവ് ചന്ദ്രശേഖർ (59)

ബിജെപി

∙ നിലവിൽ കേന്ദ്ര ഐടി, നൈപുണ്യവികസന വകുപ്പ് സഹമന്ത്രി. 

∙ 18 വർഷമായി കർണാടകയിൽനിന്ന് രാജ്യസഭാ എംപി. ബിജെപി മുൻ വക്താവ്. 

∙ ഇലക്ട്രിക്കൽ എൻജിനീയർ. ഇന്റലിൽ പ്രവർത്തിച്ചിരുന്നു.

∙ വ്യവസായ രംഗത്തും സജീവം. ജൂപ്പിറ്റർ ക്യാപ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകൻ.

അനുകൂലം

1 2 തവണ ബിജെപി രണ്ടാം സ്ഥാനത്തെത്തിയതും  കേന്ദ്ര മന്ത്രിയാകുമെന്ന പ്രചാരണവും

2. ശക്തമായ പ്രചാരണ സംവിധാനം.

3. നഗരമേഖലയിലെ ശക്തി.

പ്രതികൂലം

1. മണ്ഡല രാഷ്ട്രീയത്തിൽ സ്ഥാനാർഥി പുതുമുഖം. 

2. വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിനെതിരായ ബിജെപി നിലപാട്  

3. ന്യൂനപക്ഷ വോട്ടുകൾ എതിരായി കേന്ദ്രീകരിക്കപ്പെടാനുള്ള സാധ്യത.

പന്ന്യൻ രവീന്ദ്രൻ (78) 

സിപിഐ

∙ സിപിഐ മുൻ സംസ്ഥാന സെക്രട്ടറി. മുൻ ദേശീയ സെക്രട്ടേറിയറ്റ് അംഗം, ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ

∙ നവയുഗം പത്രാധിപർ. സംസ്ഥാനസമിതി പ്രത്യേക ക്ഷണിതാവ്. 

∙ തിരുവനന്തപുരം മുൻ എംപി

അനുകൂലം

1. ശക്തമായ മുന്നണി –സംഘടനാ സംവിധാനം

2. ഏറെക്കാലമായി തലസ്ഥാനം തട്ടകമാക്കിയ പന്ന്യനുള്ള ജനകീയതയും വ്യക്തി ബന്ധങ്ങളും

3. മുൻ എംപി എന്ന നിലയിലുള്ള മണ്ഡല പരിചയം

പ്രതികൂലം

1. രണ്ട് തവണ മുന്നണി മൂന്നാം സ്ഥാനത്തായത് ബിജെപി വിരുദ്ധ വോട്ടുകൾ അകറ്റാം

2. ഭരണ വിരുദ്ധ വികാരം, സർക്കാർ ജീവനക്കാർക്കിടയിലെ അതൃപ്തി.

3. വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തോടുള്ള സർക്കാർ സമീപനം.

trivandrum-loksabha-election-2019-graph
English Summary:

Loksabha election 2024 thiruvananthapuram constituency analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com