അനിൽ ആന്റണിക്കു പണം: വാദങ്ങളുമായി കൂടുതൽ നേതാക്കൾ; കത്തിക്കയറി ആരോ‘പണം’
Mail This Article
കൊച്ചി/പത്തനംതിട്ട∙ സിബിഐ സ്റ്റാൻഡിങ് കോൺസൽ നിയമനം ശരിയാക്കാൻ എ.കെ. ആന്റണിയുടെ മകനും ബിജെപി സ്ഥാനാർഥിയുമായ അനിൽ ആന്റണിക്ക് 25 ലക്ഷം കോഴ കൊടുത്തുവെന്നും അതു തിരിച്ചു കിട്ടാൻ കോൺഗ്രസ് നേതാക്കളായ പി.ജെ.കുര്യന്റയും പി.ടി. തോമസിന്റെയും സഹായം തേടിയിരുന്നുവെന്നുമുള്ള ദല്ലാൾ ടി.ജി.നന്ദകുമാറിന്റെ ആരോപണവുമായി ബന്ധപ്പെട്ടു കൂടുതൽ വാദങ്ങൾ.
അനിൽ ആന്റണിക്കു നൽകിയ പണം തിരികെവാങ്ങി നൽകണമെന്നാവശ്യപ്പെട്ടു നന്ദകുമാർ സമീപിച്ചിരുന്നെന്നും ഇക്കാര്യം എ.കെ.ആന്റണിയോടോ അനിൽ ആന്റണിയോടോ അന്നു തന്നെ പറഞ്ഞിരുന്നെന്നും പി.ജെ.കുര്യൻ വെളിപ്പെടുത്തി. എന്തിനാണു പണം കൊടുത്തതെന്നോ എത്രയാണു കൊടുത്തതെന്നോ എനിക്ക് അറിയില്ല. ആർക്കും സ്വാധീനിക്കാൻ കഴിയാത്ത നേതാവായ എ.കെ.ആന്റണിക്ക് ഇതിലൊന്നും ഒരു പങ്കുമില്ലെന്ന് ഉറപ്പാണ്–അദ്ദേഹം പറഞ്ഞു. തനിക്കെതിരെ അനിൽ ആന്റണി ഉന്നയിച്ച ആക്ഷേപങ്ങൾ മറുപടി അർഹിക്കുന്നില്ലെന്ന് കുര്യൻ വ്യക്തമാക്കി
പി.ജെ.കുര്യൻ പ്രമുഖ നേതാക്കളെ ചതിച്ചയാൾ: അനിൽ ആന്റണി
‘ വിഗ്രഹം മോഷ്ടിച്ച കേസിലടക്കം ജയിലിൽ പോയ ആളുടേതാണ് ആരോപണം. പി. ജെ.കുര്യനാകട്ടെ, കരുണാകരനെയും എ.കെ. ആന്റണിയേയും ഉമ്മൻചാണ്ടിയേയും ചതിച്ചയാളാണ്. പി.ജെ.കുര്യൻവഴി പരിചയപ്പെട്ട നന്ദകുമാർ സ്ഥലംമാറ്റവും നിയമനവുമടക്കം പല ആവശ്യങ്ങളുമായി വന്നതോടെ ഒഴിവാക്കി. ഞാൻ ജയിക്കുമെന്നു കണ്ട് എതിർസ്ഥാനാർഥി ആന്റോ ആന്റണി അടക്കമുള്ളവരുടെ ഗൂഢാലോചനയാണിത്’ – അനിൽ ആന്റണി പറഞ്ഞു.
∙ ‘അനിൽ ആന്റണി വെല്ലുവിളി തുടർന്നാൽ പണം വാങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവിടും. പണം തിരികെക്കൊടുക്കണമെന്ന് അനിൽ ആന്റണിയോട് പി.ജെ.കുര്യൻ ആവശ്യപ്പെട്ടത് എന്റെ സാന്നിധ്യത്തിലാണ്.’ - ദല്ലാൾ നന്ദകുമാർ
∙ ‘അനിൽ ആന്റണി 25 ലക്ഷം രൂപ വാങ്ങിയെന്ന ആരോപണം സംബന്ധിച്ച് എനിക്ക് ഒരറിവുമില്ല. പി.ടി.തോമസ് ഇതേപ്പറ്റിയൊന്നും പറഞ്ഞിട്ടുമില്ല.’ - ഉമ തോമസ് എംഎൽഎ (പി.ടി.തോമസിന്റെ ഭാര്യ)
∙ ‘‘ഇതുവരെ കണ്ടിട്ടില്ലാത്ത ആളാണ് നന്ദകുമാർ. ഞാൻ ഗൂഡാലോചന നടത്തിയെന്ന അനിൽ ആന്റണിയുടെ ആരോപണം മറുപടി അർഹിക്കുന്നില്ല’ - ആന്റോ ആന്റണി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥി