രാജീവ് ചന്ദ്രശേഖറിന്റെ പത്രികയിൽ ‘രാജ്യസഭ’
Mail This Article
തിരുവനന്തപുരം ∙ തലസ്ഥാന മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയായ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ സത്യവാങ്മൂലത്തിൽ രണ്ടിടത്ത് രേഖപ്പെടുത്തിയത് ‘രാജ്യസഭയിലേക്കുള്ള നാമനിർദേശം 2024’ എന്ന്. 43 പേജുള്ള നാമനിർദേശ പത്രികയിൽ മൂന്നിടത്ത് പിഴവ് സംഭവിച്ചതായാണ് ആരോപണം. എന്നാൽ അബദ്ധത്തിൽ സംഭവിച്ച നിസ്സാര പിഴവുകളാണെന്നും സത്യവാങ്മൂലത്തിന്റെ സാധുതയെ ബാധിക്കുന്നതല്ലെന്നുമാണു ബിജെപി നേതൃത്വത്തിന്റെ വിശദീകരണം. സത്യവാങ്മൂലം അംഗീകരിച്ചു കഴിഞ്ഞതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷന് ഒന്നും ചെയ്യാനില്ലെന്നാണ് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസിന്റെ നിലപാട്.
‘കോവിഡ് നഷ്ടമുണ്ടാക്കി’
തിരുവനന്തപുരം ∙ നികുതി ബാധകമായ തന്റെ വരുമാനം 2021–22 സാമ്പത്തിക വർഷം 680 രൂപയായി കുറഞ്ഞതു കോവിഡ് കാലത്ത് ബിസിനസിൽ ഉണ്ടായ പാർട്നർഷിപ് നഷ്ടം മൂലമാണെന്നു കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ വിശദീകരണം. വൻ വ്യവസായിയായ രാജീവിന്റെ സത്യവാങ്മൂലത്തിലെ ഈ കണക്കിൽ പൊരുത്തക്കേടുണ്ടെന്ന് ആരോപിച്ച് യുഡിഎഫും എൽഡിഎഫും പ്രചാരണം നടത്തുന്ന സാഹചര്യത്തിലാണ് വിശദീകരണം.