പെൻഷൻ കോർപസ് ഫണ്ട്: ട്രഷറിയിലേക്കു നീക്കാൻ നിർദേശിച്ചിട്ടില്ലെന്ന് സർക്കാർ
Mail This Article
കൊച്ചി∙ സംസ്ഥാന സഹകരണ എംപ്ലോയീസ് പെൻഷൻ സ്കീമിനു കീഴിലുളള പെൻഷൻ കോർപസ് ഫണ്ട് സംസ്ഥാന ട്രഷറിയിലേക്കു നീക്കാൻ നിർദേശിച്ചിട്ടില്ലെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പെൻഷൻ ഫണ്ട് മറ്റു നിക്ഷേപങ്ങളിലേക്കു മാറ്റാൻ തീരുമാനിച്ചിട്ടില്ലെന്നു സഹകരണ എംപ്ലോയീസ് പെൻഷൻ ബോർഡിന്റെ അഭിഭാഷകനും അറിയിച്ചു. ഈ വിശദീകരണങ്ങൾ രേഖപ്പെടുത്തിയ കോടതി, കേരള പ്രൈമറി കോ–ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എൻ. സ്വാമിനാഥൻ നൽകിയ ഹർജി തീർപ്പാക്കി.
സർക്കാരിന്റെ നിർദേശ പ്രകാരം പെൻഷൻ ഫണ്ട് സംസ്ഥാന ട്രഷറിയിലേക്കു മാറ്റാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നടപടി. പെൻഷൻ ആവശ്യത്തിനല്ലാതെ മറ്റൊന്നിനും ഈ ഫണ്ട് ഉപയോഗിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
മാധ്യമ വാർത്തകൾ കണ്ടിട്ടുള്ള ഈ ആശങ്കയിൽ അടിസ്ഥാനമില്ലെന്നായിരുന്നു സർക്കാർ അഭിഭാഷകന്റെ നിലപാട്. ചട്ടപ്രകാരമുള്ള നിക്ഷേപങ്ങൾക്കു ഫണ്ട് വിനിയോഗിക്കാൻ സ്കീം പ്രകാരം സർക്കാരിന് അധികാരമുണ്ടെങ്കിലും ഇതുവരെ തീരുമാനമൊന്നും ഉണ്ടായിട്ടില്ലെന്നും പറഞ്ഞു. സർക്കാരിൽ നിന്നു നിർദേശം കിട്ടുകയോ, തീരുമാനം എടുക്കുകയോ ചെയ്തിട്ടില്ലെന്നു പെൻഷൻ ബോർഡിന്റെ അഭിഭാഷകനും അറിയിച്ചു. ഇക്കാര്യം കോടതി രേഖപ്പെടുത്തി.
ഫണ്ട് സംസ്ഥാന ട്രഷറിയിലേക്കു മാറ്റാൻ പെൻഷൻ സ്കീമിൽ വിഭാവനം ചെയ്യാത്ത നിലയ്ക്ക് ഇത് എങ്ങനെ സാധിക്കുമെന്നാണു ഹർജിക്കാർ പറയുന്നതെന്നു കോടതി ചോദിച്ചു. ഹർജിക്കാർ ആശങ്കപ്പെടുന്ന തരത്തിൽ സർക്കാരോ പെൻഷൻ ബോർഡോ തീരുമാനമെടുത്താൽ ഹർജിക്കാർക്കു വീണ്ടും കോടതിയെ സമീപിക്കാൻ സ്വാതന്ത്ര്യമുണ്ടാകുമെന്നും പറഞ്ഞു.