പാനൂർ സ്ഫോടനം അന്വേഷണം സ്ഫോടകവസ്തുഎത്തിച്ചവരിലേക്ക്
Mail This Article
പാനൂർ (കണ്ണൂർ) ∙ നിർമാണത്തിനിടെ ബോംബ് പൊട്ടി സിപിഎം പ്രവർത്തകൻ മരിച്ച കേസിൽ നിർമാണ കേന്ദ്രത്തിൽ സ്ഫോടകവസ്തുക്കൾ എത്തിച്ചവരെക്കുറിച്ചുള്ള അന്വേഷണത്തിലേക്കു പൊലീസ്. അറസ്റ്റിലായ 9 പേരിൽനിന്ന് ലഭിച്ച മൊഴികൾ അടിസ്ഥാനമാക്കിയാണ് അന്വേഷണം. വെടിമരുന്ന് എവിടെനിന്ന് കിട്ടിയെന്ന വിവരം ലഭിച്ചതായാണു സൂചന.
പ്രതികളിൽ ചിലർക്ക് കരിങ്കൽ ക്വാറിയുമായി ബന്ധമുണ്ടെന്നും വിവരമുണ്ട്. സ്ഫോടനം നടന്ന വീടിനടുത്തുനിന്ന് കസ്റ്റഡിയിലെടുത്ത 7 സ്റ്റീൽ ബോംബുകൾ നിർമിക്കാൻ സ്റ്റീൽ ഡപ്പികൾ വാങ്ങിയത് കല്ലിക്കണ്ടിയിലെ കടയിൽ നിന്നാണ്. റിമാൻഡിൽ കഴിയുന്ന ഷിജാലും ഷബിൻ ലാലും ഈമാസം 4ന് ആണ് ഡപ്പികൾ വാങ്ങിയത്. പിറ്റേന്നു പുലർച്ചെയാണ് സ്ഫോടനം.
റിമാൻഡിലുള്ള മൂന്നുമുതൽ ഏഴുവരെ പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകർ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ജാമ്യഹർജി നൽകി. ചെണ്ടയാട് ഒറവള്ളക്കണ്ടിയിൽ ഒ.കെ. അരുൺ (27), കൊളവല്ലൂർ അടുപ്പുകൂട്ടിയ പറമ്പത്ത് എ.പി. ഷബിൻലാൽ, ചെറുപ്പറമ്പ് കിഴക്കയിൽ ഹൗസിൽ കെ.അതുൽ (27), ചിറക്കരാസിമ്മൽ സി.സായൂജ് (26), പള്ളേരി വടക്കയിൽ പി.വി.അമൽബാബു (27) എന്നിവരാണ് ഹർജി നൽകിയത്. ഹർജി ഇന്ന് പരിഗണിക്കും.
∙ സിപിഎമ്മിനു വേണ്ടി ആയുധം ഉണ്ടാക്കാൻ ഡിവൈഎഫ്ഐയെ ചുമതലപ്പെടുത്തിയിട്ടില്ല. ബോംബ് നിർമാണക്കേസിൽ സന്നദ്ധ പ്രവർത്തകനെ അറസ്റ്റ് ചെയ്തിട്ടുണ്ടോയെന്നു പൊലീസും ഡിവൈഎഫ്ഐക്കാർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അവരും പരിശോധിക്കട്ടെ. ഡിവൈഎഫ്ഐ സിപിഎമ്മിന്റെ പോഷകസംഘടനയല്ല. - എം.വി.ഗോവിന്ദൻ, സിപിഎം സംസ്ഥാന സെക്രട്ടറി