സത്യൻ വധം ‘പാർട്ടി ആലോചിച്ചു നടത്തിയത്’; സിപിഎം ജില്ലാ പഞ്ചായത്തംഗത്തിന്റെ വെളിപ്പെടുത്തൽ
Mail This Article
ആലപ്പുഴ ∙ കരീലക്കുളങ്ങരയിൽ 2001ൽ നടന്ന കളീക്കൽ സത്യൻ കൊലപാതകം ‘പാർട്ടി ആലോചിച്ചു നടത്തിയതാണ്’ എന്ന ഗുരുതര ആരോപണം കൂടി ഉന്നയിച്ച് ജില്ലാ പഞ്ചായത്തംഗം ബിപിൻ സി.ബാബു പാർട്ടി വിടുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറിക്കു കത്തുനൽകി. ബിപിന്റെ അമ്മ സിപിഎം കായംകുളം ഏരിയാ കമ്മിറ്റിയംഗമായ കെ.എൽ.പ്രസന്നകുമാരിയും പാർട്ടിവിടുന്നതായി കാണിച്ചു കത്തു നൽകിയിട്ടുണ്ട്.
ആർഎസ്എസ് വിട്ടു കോൺഗ്രസിലെത്തിയ സത്യൻ, ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ ഐഎൻടിയുസി യൂണിയൻ നേതാവായിരുന്നു. ഈ കൊലപാതകത്തിൽ സിപിഎം പ്രതിക്കൂട്ടിലായി. കേസിൽ പ്രതി ചേർക്കപ്പെട്ട ബിപിൻ ഉൾപ്പെടെയുള്ളവരെ 2006ൽ കോടതി വിട്ടയച്ചു. നിരപരാധിയായ തന്നെ കൊലക്കേസിൽ പ്രതിയാക്കിയതാണെന്നും 19–ാം വയസ്സിൽ 65 ദിവസം ജയിൽശിക്ഷ അനുഭവിക്കേണ്ടിവന്നുവെന്നും കത്തിലുണ്ട്.
ബിപിൻ മാർച്ച് 26നും പ്രസന്നകുമാരി ഈ മാസം 8നും നൽകിയ കത്തുകളാണു പുറത്തുവന്നത്. ഭാര്യ നൽകിയ ഗാർഹികപീഡന പരാതിയെത്തുടർന്നു കഴിഞ്ഞ മേയിൽ ബിപിനെ 6 മാസത്തേക്കു പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. പിന്നീടു ബ്രാഞ്ചിലേക്കാണു തിരിച്ചെടുത്തത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ ഏരിയാ സെക്രട്ടറിയും പത്തിയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റുമാണു റിട്ട. അധ്യാപികയായ പ്രസന്നകുമാരി.
ആ കൊലപാതകം
സംഭവം നടന്നത് 2001 ജൂലൈ 12നു കരീലക്കുളങ്ങര കോട്ടയ്ക്കകത്ത് ജംക്‌ഷനിലാണ്. ഒരു രോഗിയെ ആശുപത്രിയിൽ എത്തിക്കണമെന്നു പറഞ്ഞ് ഒരു കുട്ടിയെ വിട്ടാണു സത്യന്റെ ഓട്ടോറിക്ഷ ആളൊഴിഞ്ഞ പ്രദേശത്തേക്കു വിളിപ്പിച്ചത്. ഓട്ടോയ്ക്കു മുന്നിലേക്കു ചാടിവീണ സംഘം റോഡിലിട്ടു സത്യനെ വെട്ടിക്കൊന്നെന്നാണു പ്രോസിക്യൂഷൻ കേസ്. പ്രതികളെ കോടതി വിട്ടയച്ചു. കോൺഗ്രസ് പ്രാദേശിക നേതാവായിരുന്ന സത്യനെ ആർഎസ്എസ് പ്രവർത്തകനെന്നാണു ബിപിന്റെ കത്തിൽ പറയുന്നത്.